കയ്‌റോ – ദോഹയില്‍ മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇസ്രായിലുമായുള്ള ഏകോപനം കുറക്കാന്‍ ഈജിപ്ത്തിന്റെ തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഏകോപനം കുറക്കാനാണ് തീരുമാനം. ദോഹയിലെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായിലുമായുള്ള സുരക്ഷാ ആശയവിനിമയങ്ങള്‍ ഈജിപ്ത് പുനഃക്രമീകരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിനെതിരെ ഇസ്രായില്‍ സേന നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഈജിപ്ഷ്യന്‍ പ്രസിഡന്‍സി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇസ്രായില്‍ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും, രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും അവരുടെ പ്രദേശങ്ങളുടെ പവിത്രതയെയും ബഹുമാനിക്കുന്ന തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്‍സി പ്രസ്താവനയില്‍ പറഞ്ഞു.