ദോഹ– സന്ദർശനത്തിനായി ഖത്തറിൽ എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 30 ന് വ്യാഴാഴ്ച്ച വൈകുന്നേരം 6 മണി മുതൽ അബൂ ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ആണ് മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യുക.
12 വർഷങ്ങൾക്ക് ശേഷം ദോഹയിൽ എത്തിച്ചേരുന്ന കേരള മുഖ്യമന്ത്രി ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മലയാളോത്സവം 2025’ പരിപാടിയിൽ സംബന്ധിക്കാൻ ആണ് എത്തുന്നതെന്ന് കേരളോത്സവ സംഘടക സമതി ചെയർമാനും നോർക്കാ റൂട്സ് വൈസ് ചെയർമാനുമായ സി.വി റപ്പായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഖത്തർ ഇന്ത്യൻ അംബാസഡർ വിപുൽ, കേരള ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, പദ്മശ്രീ ഡോ. എം. എ. യൂസഫലി, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ചടങ്ങിൽ സംസാരിക്കും. വിവിധ പ്രവാസി മലയാളി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരികയാണെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ഇ എം സുധീർ പറഞ്ഞു.
30-ന് ഉച്ചക്ക് ഖത്തറിലെ പ്രവാസി സംഘടനാ പ്രതിനിധികൾ, മലയാളി വ്യവസായികൾ എന്നിവരുമായി മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച്ച നടത്തും. രാത്രി ഖത്തർ ചെമ്പർ ഓഫ് കോമേഴ്‌സ് ഒരുക്കുന്ന വിരുന്നിലും മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും.
ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് പരിപാടി സ്ഥലത്തേക്ക് വാഹന സൗകര്യങ്ങളും സംഘടക സമതി ഒരുക്കിയിട്ടുണ്ട്.
വൈകിട്ട് ആറുമുതൽ കേരളീയ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികൾ അരങ്ങേറും . കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകൾ പ്രദർശിപ്പിക്കുന്ന പവലിയനുകൾ അതത് ജില്ലയിലെ പ്രവാസി സംഘടനകൾ ഒരുക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. സംഘാടക സമിതി ഭാരവാഹികളായ ജയരാജ് കെ. ആർ, ഷൈനി കബീർ, ഷംസീർ അരിക്കുളം, സാബിത്ത് സഹീർ, പ്രമോദ് ചന്ദ്രൻ, സമീർ സിദ്ദിഖ്, അഹമ്മദ് കുട്ടി, ഷഹീൻ മുഹമ്മദ് ഷാഫി, അബ്ദുൾ അസീസ്, ജസിത, ബിന്ദു പ്രദീപ് എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.



