ദോഹ– പ്രമുഖ അന്താരാഷ്ട്ര വിമാക്കമ്പനിയായ ഖത്തർ എയർവേഴ്‌സ് ആങ്കർ പവർ ബാങ്കിന്റെ ചില പ്രത്യേക മോഡലുകൾക്ക് വിലക്കേർപ്പെടുത്തി. ലിഥിയം-അയൺ ബാറ്ററികളിലെ തകരാറുകൾ മൂലം പൊട്ടിത്തെറിക്കാനും തീപിടിത്തത്തിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനികൾ ഈ മോഡലുകൾ തിരിച്ചുവിളിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
2025 ജൂണിൽ തിരിച്ചുവിളിച്ച മോഡലുകളായ എ-1647, എ-1652, എ-1681, എ-1689, എ-1257 ആങ്കർ പവർകോർ 10000 എന്നീ മോഡലുകളും 2024 ഒക്ടോബറിൽ തിരിച്ചുവിളിച്ച മോഡലുകളായ എ-1642, എ-1647, എ1652 എന്നീ മോഡലുകളുമാണ് ഖത്തർ എയർവേഴ്‌സിൽ വിലക്കിയത്. യാത്രക്കാരോട് കൈവശമുള്ള പവർ ബാങ്കുകൾ തിരിച്ചു വിളിച്ച മോഡലുകളല്ലെന്ന് ഉറപ്പുവരുത്താനും ഖത്തർ എയർവേഴ്‌സ് നിർദേശിച്ചു.
കഴിഞ്ഞ മാസം ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം ഈ ഉപകരണങ്ങൾ തിരിച്ചുവിളിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് കാരണം ഉപകരണങ്ങൾ അമിതമായി ചൂടാകുമെന്നും പൊട്ടിത്തെറിക്കാനും തീപിടിത്തത്തിനും കാരണമാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ഒക്ടോബർ 1 മുതൽ പവർ ബാങ്കുകൾ പൂർണമായി നിരോധിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.