ദോഹ : ഉച്ചയ്ക്ക് 12 30ന് ഖത്തറിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. ഉച്ചക്ക് 12 35ന് പുറപ്പെടേണ്ട എയർ ഇന്ത്യ IX 376 വിമാനമാണ് വൈകുന്നതായി യാത്രക്കാരെ അറിയിച്ചത്. ഇന്നലെ രാത്രി വന്ന അറിയിപ്പിൽ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉച്ചക്ക് 12 30ന് യാത്ര തിരിക്കേണ്ടതിന് പകരം ഉച്ചയ്ക്ക് 2.35ന് വിമാനം പുറപ്പെടുവിന്നായിരുന്നു അറിയിപ്പ് വന്നത്. എന്നാൽ ഇന്ന് രാവിലെ സമയം മാറ്റിയുള്ള അറിയിപ്പ് വീണ്ടും യാത്രക്കാരെ തേടി എത്തുകയായിരുന്നു.
2.35 ന് പകരം 3.30ന് വിമാനം പുറപ്പെടുമെന്ന വിവരമാണ് യാത്രക്കാർക്ക് ലഭിച്ചത്. എന്നാൽ രാവിലെ ഒമ്പതരയോടെ വിമാനം പുറപ്പെടുന്ന സമയം ഇനിയും വൈകുമെന്ന് അറിയിപ്പാണ് യാത്രക്കാർക്കാരെ തേടിയെത്തിയത് .ഇപ്പോൾ ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരം 5:50നാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ വിമാനം പുറപ്പെടുക. ഇതുവരെ ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിമാനം 5 മണിക്കൂർ അധികം വൈകിയാണ് ഹമദ് അന്തരാഷ്ട്ര വിമാനത്താവളതിൽ നിന്നും പുറപ്പെടുക. എന്നാൽ ഈ ലഭിച്ചിരിക്കുന്ന അറിയിപ്പ് അന്തിമമാണോ എന്ന് യാത്രക്കാർക്ക് ആശങ്കയുണ്ട്. ഇന്ന് രണ്ട് തവണയാണ് വിമാനത്തിന്റെ സമയം മാറ്റിയുള്ള അറിയിപ്പ് യാത്രക്കാർക്ക് ലഭിച്ചത്. പെരുന്നാളിന്റെയും മധ്യ വേനൽ അവധിയുടെയും തിരക്കിനിടയിൽ ഉയർന്ന നിരക്ക് നൽകിയാണ് പലരും വിമാന ടിക്കറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞദിവസം ഷാർജയിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകിയതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വിമാനത്തിന്റെ യാത്ര മുടങ്ങലും വൈകലും നിരന്തരമായി ആവർത്തിക്കുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. ഇത്തരം ഘട്ടങ്ങളിൽ പലപ്പോഴും വിമാന കമ്പനികൾ യാതൊരു ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.