ദോഹ– അസാധ്യമായിരുന്നവെന്ന് കരുതിയ പലതും സാധ്യമാക്കാൻ സാധിച്ചുവെന്നതാണ് ഇടതു സർക്കാറിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസാധ്യമായത് സാധ്യമാക്കുക എന്നതാണ് ഒരു ഭരണകൂടത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്നും കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ദോഹയിൽ നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു. ഏകദിന സന്ദർശനത്തിനായി ഖത്തറിൽ എത്തിയ പിണറായി വിജയൻ ലോക കേരള സഭയും മലയാളം മിഷൻ ഖത്തറും സംഘടിപ്പിച്ച മലയാളോൽത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
കേരളത്തിന്റെ റോഡ് വികസനവും വ്യവസായിക അന്തരീക്ഷവും വിദ്യാഭ്യാസ, ആരോഗ്യ മേഖലയും ഇതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. നാഷണൽ ഹൈവേ തുടങ്ങാൻ പോലും സാധ്യമല്ലെന്ന് പലരും കരുതിയിരുന്ന സ്ഥാനത്ത് ഇന്ന് അതിന്റെ പണി ഏറെ പൂർത്തിയാക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ജനുവരിയിൽ ഹൈവേയുടെ ഉദ്ഘാടനം നടക്കുമെന്നും മാർച്ചിൽ കേരളത്തിലെ ഹൈവേകളുടെ പണി പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലഘട്ടത്തിൽ കേരളം അതിനെ അതിജീവിച്ചത് താൽക്കാലികമായി ഉണ്ടാക്കിയ സംവിധാനങ്ങൾ കൊണ്ടല്ല. മറിച്ച് കേരളത്തിന്റെ ആരോഗ്യ സംവിധാനം ഏത് പ്രതിസന്ധിയെയും നേരിടാനുള്ള കരുത്താർജിച്ചു എന്നതിന്റെ തെളിവാണ് കോവിഡിലൂടെ നാം കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ക്ലാസ് റൂം മുതൽ വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നതിൽ വരെ വൻ മുന്നേറ്റമാണ് കേരളം കൈവരിച്ചത്. നിക്ഷേപ സൗഹൃദാ അന്തരീക്ഷത്തിൽ കേരളം ഏറെ മുന്നേറി. ഇങ്ങനെ നാടിന് ആവശ്യമായ എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർപ്പുകളെ മറികടന്നു മുന്നോട്ടു കൊണ്ടുപോകാൻ ഇടതുപക്ഷത്തിന് സാധിച്ചതായി പിണറായി കൂട്ടിച്ചേർത്തു.
വികസനവും സാമൂഹ്യ ക്ഷേമവുമാണ് ഇടതുപക്ഷം പ്രഖ്യാപിച്ച നവ കേരളമെന്നും അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനത്തോടെ കേരളം സാമൂഹ്യ ക്ഷേമ രംഗത്ത് വലിയ മുന്നേറ്റം കൈവരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ വർദ്ധനവ്, സ്ത്രീകൾക്കായി പ്രഖ്യാപിച്ച പെൻഷൻ തുടങ്ങിയവ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇടതുപക്ഷ സർക്കാർ മുന്തിയ പരിഗണന നൽകുന്നു എന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഇനിയും കേരളം മുന്നോട്ടു പോകുമെന്നും അതിനുള്ള ആലോചനകളും പദ്ധതികളും ആണ് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
ചടങ്ങിൽ സംഘാടകസമിതി ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി.വി റപ്പായി അധ്യക്ഷത വഹിച്ചു. കേരള ഫിഷറീസ് സാംസ്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ വിപുൽ, കേരള ചീഫ് സെക്രട്ടറി എ ജയതിലക്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പത്മശ്രീ എം എ യൂസഫലി, നോർക്ക റൂട്ട്സ് ഡയറക്ടർ ജെ കെ മേനോൻ, ഖത്തർ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ: ശൈഖ്മുഹമ്മദ് ബിൻ അഹമ്മദ് അൽത്താനി, അബ്ദുൽ അസീസ് അൽ മുഹന്നദി ( ഖത്തർ ആഭ്യന്തരമന്ത്രാലയം), തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. ചടങ്ങിൽ മലയാളം മിഷൻ ഖത്തർ കണിക്കൊന്ന ആദ്യ ബാച്ചിലെ 100 പഠിതാക്കളുടെ പരീക്ഷാഫലം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ ചടങ്ങിൽ സ്വാഗതം പറഞ്ഞു.



