ദോഹ- ഇസ്രായില്‍ വ്യോമാക്രമണത്തില്‍ രക്തസാക്ഷികളായ ആറു പേര്‍ക്ക് ദോഹയില്‍ അന്ത്യവിശ്രമം. ദോഹ ഗ്രാന്‍ഡ് മോസ്‌ക് എന്നറിയപ്പെടുന്ന മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും മറ്റ് ഗള്‍ഫ് രാഷ്ട്ര നേതാക്കളും മന്ത്രിമാരും പങ്കെടുത്തു. ഒരു മയ്യിത്ത് ഖത്തര്‍ പതാക വഹിച്ചും മറ്റ് അഞ്ചു മൃതദേഹങ്ങള്‍ പലസ്തീന്‍ പതാക പുതപ്പിച്ചുമായിരുന്നു പള്ളിയിലെത്തിച്ചതെന്ന് ഖത്തര്‍ ടെലിവിഷന്‍ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
വന്‍ സുരക്ഷാ സംവിധാനങ്ങളോടെ ദോഹ കോര്‍ണിഷിനരികെയുള്ള ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ വഹാബ് പള്ളിയിലെ മയ്യിത്ത് നമസ്‌കാര ശേഷം ദോഹ, മിസൈമീറിലെ പൊതു ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
ചൊവ്വാഴ്ചയാണ് ഇസ്രായേല്‍ ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്. ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ മകന്‍ ഹമാം, അദ്ദേഹത്തിന്റെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, അംഗരക്ഷകരായ അഹമ്മദ് അൽമംലൂക്ക്, അബ്ദുല്ല അബ്ദുല്‍വാഹിദ്, മുഅ്മിൻ ഹസ്സൗന എന്നിവരും ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയിലെ ലാന്‍സ് കോര്‍പ്പറല്‍ ബദര്‍ സാദ് മുഹമ്മദ് അല്‍ഹുമൈദി അല്‍ദോസരിയുമാണ് കൊല്ലപ്പെട്ടത്. 2024 ജൂലൈയില്‍ ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയേയും ഖത്തറിലാണ് ഖബറടക്കിയത്.