ദോഹ– പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഇന്ന് തുടക്കം കുറിക്കും. കഴിഞ്ഞ ഫിഫ അറബ് കപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിൽ തന്നെയാണ് ഇത്തവണയും വേദി. ഫിഫ അണ്ടർ 17 ലോകകപ്പിന് പിന്നാലെയാണ് അടുത്ത ഒരു കാൽ പന്ത് മാമാങ്കത്തിന് ഖത്തറിൽ ഇന്ന് തുടക്കം കുറിക്കുന്നത്. ഉദ്ഘാടനം മത്സരത്തിൽ ടുണീഷ്യ സിറിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് ആറരക്ക് ( ഖത്തർ / സൗദി – 4:00 PM) അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കൂടാതെ ഇന്ത്യൻ സമയം രാത്രി 9:15 ന് ( ഖത്തർ / സൗദി – 6:45 PM) ആതിഥേയരായ ഖത്തർ പലസ്തീനെ നേരിടും. ഈ മത്സരം അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ വെച്ചാണ്.
ഇത്തവണയും അറബ് ലോകത്ത് നിന്നുള്ള 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഡിസംബർ 18 നാണ് കലാശ പോരാട്ടം അരങ്ങേറുക. 2022 ലോകകപ്പ് ഫൈനലിന് സാക്ഷ്യം വഹിച്ച ലുസൈൽ സ്റ്റേഡിയത്തിലാണ് കലാശ പോരാട്ടം. ഡിസംബർ 18 നാണ് കലാശ പോരാട്ടം അരങ്ങേറുക.
ലുസൈൽ, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, എജുക്കേഷൻ സിറ്റി, അൽ ബെയ്ത്, അഹ്മദ് ബിൻ അലി, 974 എന്നീ ആറ് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ.
പതിനൊന്നാമത് ഫിഫ അറബ് കപ്പ് 2025 ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ: ഖത്തർ, ടുണീഷ്യ, സിറിയ, പലസ്തീൻ.
ഗ്രൂപ്പ് ബി: മൊറോക്കോ, സൗദി അറേബ്യ, ഒമാൻ, കൊമോറോസ്.
ഗ്രൂപ്പ് സി: ഈജിപ്ത്, ജോർദാൻ, യു എ ഇ, കുവൈത്ത്.
ഗ്രൂപ്പ് ഡി: അൾജീരിയ, ഇറാഖ്, ബഹ്‌റൈൻ, സുഡാൻ.
ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കും. 1963ൽ ആരംഭിച്ച അറബ് കപ്പിന്റെ നിലവിലെ ചാമ്പ്യന്മാർ അൾജീരിയയാണ്. ഫൈനലിൽ തുനീഷ്യയെ തോൽപിച്ചാണ് അൾജീരിയ കിരീടം ചൂടിയത്. നാല് തവണ കിരീടം നേടിയ ഇറാഖാണ് അറബ് കപ്പ് ഏറ്റവും കൂടുതൽ നേടിയത്. സൗദി അറേബ്യ രണ്ടു തവണയും ടുണീഷ്യ, മൊറോക്കോ, ഈജിപ്ത്, അൾജീരിയ എന്നിവർ ഓരോ വീതവും ചാമ്പ്യന്മാരായിട്ടുണ്ട്.



