ദോഹ– സംരക്ഷിത ജൈവവൈവിധ്യ കേന്ദ്രമായ സീലൈൻ റിസർവിൽ മത്സ്യങ്ങളെ തുറന്നുവിട്ട് ഖത്തർ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പ്രകൃതി, കടൽ സംരക്ഷണ വകുപ്പുകൾ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സംരക്ഷിത പ്രദേശങ്ങളിൽ സമുദ്ര ജൈവവവൈവിധ്യങ്ങളെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഭാവി തലമുറക്കായി രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്ന നടപടിയാണിതെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ് റിലീസിൽ വ്യക്തമാക്കി.
ഖത്തറിലെ പ്രാദേശിക മത്സ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമായ ഈ പദ്ധതി അക്വാറ്റിക് റിസർച്ച് സെന്റർ നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്. ഖത്തറിലെ പ്രധാന പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നായ സീലൈൻ റിസർവിൽ തെരഞ്ഞെടുത്ത ഇനങ്ങളുടെ വളർച്ചക്ക് അനുയോജ്യമായ സാഹചര്യമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന ആവാസവ്യവസ്ഥകളുടെ സംരക്ഷണം, നശിച്ചു പോയവയുടെ പുനരുദ്ധാരണം, സമുദ്ര മേഖലകളിലെ മനുഷ്യന്റെ കടന്നുകയറ്റം തടയുന്നതിനായും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.