ദോഹ– ഉപഭോക്താകൾക്ക് മികച്ച സേവനം നൽകാത്തതിനെ തുടർന്ന് കാർ കമ്പനി അടച്ചുപ്പൂട്ടാൻ ഉത്തരവിട്ട് ഖത്തർ മന്ത്രാലയം. ഖത്തറിലെ വാണിജ്യ,വ്യവസായ മന്ത്രാലയമാണ് (MoCI) ഉത്തരവ് പുറപ്പെടുവിച്ചത്.
എലൈറ്റ് മോട്ടോഴ്സ് കോർപ്പറേഷൻ – ചെറി എന്ന സ്വകാര്യ കാർ കമ്പനിക്കെതിരായാണ് നടപടി. 30 ദിവസത്തേക്ക് പൂർണ്ണമായും അടച്ചുപൂട്ടാനാണ് അധികൃതരുടെ നിർദേശം. 2008-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ 16-ാം വകുപ്പ് ലംഘിച്ചതിനാണ് ഈ കർശന നടപടി.
സ്പെയർ പാർട്സ് ലഭ്യമാക്കാതിരുന്നതും വിൽപ്പനാനന്തര സേവനങ്ങളിൽ കാലതാമസം വരുത്തിയതും ഉൾപ്പെടെയുള്ള ഗുരുതര ലംഘനങ്ങൾ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതായി മന്ത്രാലയം വ്യക്തമാക്കി. 2025-ലെ 23-ാം നമ്പർ തീരുമാനപ്രകാരം, ഉപഭോക്തൃ സംരക്ഷണ നിയമവും അതിന്റെ നടപ്പാക്കൽ ചട്ടങ്ങളും ലംഘിച്ചതിനുള്ള ശിക്ഷയായാണ് കമ്പനിയെ 30 ദിവസത്തേക്ക് പൂർണമായി അടച്ചുപൂട്ടുന്നത്.