ദോഹ– ഖത്തറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടങ്ങൾക്ക് അനുമതി നൽകുന്ന പദ്ധതിക്ക് തുടക്കം. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽ-താനി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ബിൽഡിംഗ് പെർമിറ്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനുമുള്ള ഗവർമെന്റിന്റെ നീക്കത്തെ ഭാഗമായാണ് ഈ നടപടി. ഉദ്ഘാടന ചടങ്ങിൽ നിരവധി മന്ത്രിമാർ, അംബാസഡർമാർ, വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, കൺസൾട്ടിംഗ് ഓഫീസുകൾ, പ്രമുഖ സ്ഥാപങ്ങളുടെ പ്രതിനിധികൾ എഞ്ചിനീയറിംഗ് മേഖലയിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തന പരിപാടിയിലെ പ്രധാന പദ്ധതികളിൽ ഒന്നാണ് അകപവർഡ് ബിൽഡിംഗ് പെർമിറ്റ് സിസ്റ്റം. നടപടി പൂർത്തീകരണം ത്വരിതപ്പെടുത്തുന്നതിനും സാങ്കേതിക മാനദണ്ഡങ്ങൾ ഏകീകരിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. പദ്ധതികളുടെ ഓൺലൈൻ പ്രോസസ്സിംഗ് വഴി നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ഔട്ട്പുട്ടുകളുടെ കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ, എഞ്ചിനീയറിംഗ് മേഖലയെയും കൺസൾട്ടിംഗ് ഓഫീസുകളെയും സഹായിക്കുന്നതിനും ഇത് ഉപകരിക്കും.



