ദോഹ– ഖത്തറിൽ നിരോധിത വസ്തുക്കളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ അതി ജാഗ്രതയുമായി കസ്റ്റംസ്. രാജ്യത്തിന്റെ അതിർത്തികളെ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധ വ്യാപാരത്തിൽ നിന്ന് സമൂഹത്തെ കാത്തു രക്ഷിക്കുന്നതിനുമുള്ള നിർദേശത്തിന്റെ ഭാഗമായി, ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ജൂലൈ മാസത്തിൽ വൻതോതിൽ പിടിച്ചെടുക്കലുകൾ നടത്തിയതായി റിപ്പോർട്ട് ചെയ്തു.
എയർ കാർഗോ കസ്റ്റംസ് ഡയറക്ടർ യൂസഫ് മുതേബ് അൽ-നുഐമി വെളിപ്പെടുത്തിയതനുസരിച്ച്, ലഹരിവസ്തുക്കൾ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളാണ് ഏറ്റവും കൂടുതൽ പിടിച്ചെടുത്തത്. ഇതിന് പുറമെ, നികുതി വെട്ടിപ്പ്, സ്ഥാപന ചട്ടലംഘനങ്ങൾ, ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും ശ്രദ്ധേയമായിരുന്നു.
“ഞങ്ങളുടെ കസ്റ്റംസ് നടപടികൾ ഒരു പ്രത്യേക കാലത്തേക്ക് മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ എല്ലാ പ്രവേശന മാർഗങ്ങളിലും നിരോധിത വസ്തുക്കളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ ഞങ്ങൾ വർഷം മുഴുവനും 24 മണിക്കൂറും അഹോരാത്രം പ്രവർത്തിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകൾക്ക് പുറമെ, ഞങ്ങളുടെ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ ശ്രമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു,” അൽ-നുഐമി വ്യക്തമാക്കി.
പിടിച്ചെടുത്ത വസ്തുക്കളുടെ കൈകാര്യം ലംഘനത്തിന്റെ തരത്തെ ആശ്രയിച്ചിരിക്കും. ലഹരിവസ്തുക്കൾ പോലുള്ള നിരോധിത വസ്തുക്കൾ, കസ്റ്റംസ് ഉദ്യോഗസ്ഥർ ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കിയ ശേഷം ഉടൻ ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് കൈമാറുന്നു. മറ്റ് കസ്റ്റംസ് ലംഘനങ്ങൾ, നിയമപരമായ തീർപ്പാക്കലും ഒത്തുതീർപ്പുകളും പൂർത്തിയാകുന്നതുവരെ കസ്റ്റംസ് വെയർഹൗസുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നു.
അതിർത്തി നിയന്ത്രണവും കണ്ടെത്തൽ ശ്രമങ്ങളും ശക്തിപ്പെടുത്താൻ ഖത്തർ കസ്റ്റംസ് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. പ്രതീക്ഷിക്കപ്പെടുന്ന അപകടസാധ്യതകളെ അടിസ്ഥാനമാക്കി പരിശോധന നടപടികൾ കൃത്യമായി തിരിച്ചറിയുന്ന ഒരു സംയോജിത റിസ്ക് എൻജിൻ സിസ്റ്റവും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.