ദോഹ – സ്വദേശികള്‍ക്കിടയില്‍ വിവാഹമോചന നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ നവദമ്പതികള്‍ക്ക് പ്രതിവര്‍ഷ ധനസഹായം പ്രഖ്യാപിച്ച് ഖത്തർ. പുതുതായി വിവാഹിതരാകുന്ന ഖത്തരി ജീവനക്കാര്‍ക്ക് വാര്‍ഷിക വിവാഹ പ്രോത്സാഹനം ഏര്‍പ്പെടുത്തിയതായി ഖത്തറിലെ സിവില്‍ സര്‍വീസ് ആന്റ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ അറിയിച്ചു. ഓരോ പങ്കാളിക്കും 12,000 ഖത്തര്‍ റിയാല്‍ തോതില്‍ ദമ്പതികള്‍ക്ക് 24,000 റിയാലാണ് വാര്‍ഷിക ധസഹായം നല്‍കുക.
ഖത്തരി ദമ്പതികള്‍ക്ക് സാമൂഹിക അലവന്‍സ് നല്‍കുക, പ്രസവാവധി ഭേദഗതി ചെയ്യുക, ഗര്‍ഭിണികളായ ഖത്തരി ജീവനക്കാരെ ഡിസ്റ്റന്‍സ് രീതിയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുക, കാഷ്വല്‍ ലീവ്, പ്രതിമാസ അവധി സമയം വര്‍ധിപ്പിക്കുക എന്നിവയും സിവില്‍ സര്‍വീസ് ബ്യൂറോ പ്രഖ്യാപിച്ച പുതിയ ഭേദഗതികള്‍ വ്യവസ്ഥ ചെയ്യുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായ ശേഷം ഇന്‍സെന്റീവ് അനുവദിക്കും. ഭാര്യാഭര്‍ത്താക്കന്മാര്‍ ഖത്തരി പൗരന്മാരാകണമെന്നും വ്യവസ്ഥയുണ്ട്.