ദോഹ: അമേരിക്കൻ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരാൻ സഹായിക്കുന്ന നിലക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും 1.2 ട്രില്യൺ (1,20,000 കോടി) ഡോളറിന്റെ കരാറുകളിൽ ധാരണയിലെത്തി. ബോയിംഗ് വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവെയ്‌സിൽ നിന്ന് ലഭിച്ച ഭീമമായ ഓർഡർ അടക്കമാണിത്. ഖത്തർ എയർവെയ്‌സ് 96 ബില്യൺ ഡോളറിന് 210 ബോയിംഗ് 777 എക്‌സ്, 787 വൈഡ്‌ബോഡി വിമാനങ്ങൾ വാങ്ങും. ബോയിംഗ് കമ്പനിക്കും ട്രംപിനും വൻ നേട്ടമാണ് ഈ കരാർ സമ്മാനിക്കുന്നത്.
ഇറാൻ ആണവ പ്രശ്‌നവും റഷ്യഉക്രൈൻ യുദ്ധവും പ്രതിരോധം, നിക്ഷേപം, ഊർജം, വിദ്യാഭ്യാസം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും താനും ശൈഖ് തമീമും ചർച്ച ചെയ്തതായി ട്രംപ് പറഞ്ഞു. അമേരിക്ക ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനും 2028 ഒളിംപിക്‌സിനുമുള്ള ഒരുക്കങ്ങളെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. ഇരു സർക്കാരുകളും തമ്മിലുള്ള സഹകരണത്തിനുള്ള സംയുക്ത പ്രഖ്യാപനത്തിലും എം.ക്യു9ബി ഡ്രോണുകൾക്കും എഫ്.എസ്‌ലിഡ്‌സ് ആന്റിഡ്രോൺ സിസ്റ്റത്തിനുമുള്ള ഓഫർ, സ്വീകാര്യതാ കത്തുകളിലും ഇരു നേതാക്കളും ഒപ്പുവെച്ചതായി ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഖത്തറിന്റെ ഊഷ്മളമായ ആതിഥ്യമര്യാദക്ക് പ്രസിഡന്റ് ട്രംപ് ഖത്തർ അമീറിനോട് നന്ദി പറഞ്ഞു. ശൈഖ് തമീമിനെ ദീർഘകാല സുഹൃത്തും വിശ്വസ്ത പങ്കാളിയുമെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഞങ്ങൾക്ക് എപ്പോഴും വളരെ പ്രത്യേക ബന്ധമുണ്ടായിരുന്നു അദ്ദേഹം ഖത്തർ അമീറിനെ കുറിച്ച് പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ്, പ്രതിരോധ, ട്രഷറി, വാണിജ്യ, ഊർജ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള അമേരിക്കൻ കാബിനറ്റ് ഉദ്യോഗസ്ഥരും മുതിർന്ന ഖത്തർ മന്ത്രിമാരും ചർച്ചകളിലും ഒപ്പുവെക്കൽ ചടങ്ങിലും പങ്കെടുത്തു.
ആണവ പ്രശ്‌നത്തിൽ അമേരിക്കയുമായി കരാറിലെത്താൻ ഇറാന്റെ മേലുള്ള സ്വാധീനം ഉപയോഗിച്ച് ഇറാൻ നേതാക്കളെ പ്രേരിപ്പിക്കണമെന്ന് ട്രംപ് ഖത്തറിനോട് ആവശ്യപ്പെട്ടു. പത്തൊമ്പതു മാസമായി ഇസ്രയിലുമായുള്ള യുദ്ധം പുരോഗമിക്കുമ്പോൾ ഇറാൻ പിന്തുണയു ഹമാസുമായുള്ള ചർച്ചകൾ ഉൾപ്പെടെ, വർഷങ്ങളായി അമേരിക്കക്കും ഇറാനും അതിന്റെ പ്രോക്‌സികൾക്കും ഇടയിൽ മധ്യസ്ഥന്റെ പങ്ക് ഖത്തർ വഹിച്ചിട്ടുണ്ട്. ഇറാൻ പ്രശ്‌നത്തിൽ നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ഔദ്യോഗിക വിരുന്നിലെ പ്രസ്താവനയിൽ ട്രംപ് പറഞ്ഞു. ഇതൊരു അപകടകരമായ സാഹചര്യമാണ്, ഞങ്ങൾ ശരിയായ കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നു ട്രംപ് പറഞ്ഞു.
തീവ്രവാദ പ്രോക്‌സി ഗ്രൂപ്പുകളെ പിന്തുണക്കുന്നത് ഇറാൻ നിർത്തണമെന്ന് ട്രംപ് ആഗ്രഹിക്കുന്നു. സൗദി അറേബ്യയിൽ നിന്ന് ഖത്തറിലേക്ക് പോകുന്നതിന് മുമ്പ്, ഇറാനുമായി ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്താൻ ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു. മിഡിൽ ഈസ്റ്റിലുടനീളം പ്രോക്‌സി മിലീഷ്യകൾക്കുള്ള പിന്തുണ ഇറാൻ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഭീകരതയെ പിന്തുണക്കുന്നത് നിർത്തണം. രക്തരൂക്ഷിതമായ പ്രോക്‌സി യുദ്ധങ്ങൾ നിർത്തണം. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള നീക്കം എന്നെന്നേക്കുമായി അവസാനിപ്പിക്കണം. അവർക്ക് ആണവായുധം കൈവശം വെക്കാൻ കഴിയില്ല റിയാദിൽ നടന്ന ഗൾഫ്അമേരിക്ക ഉച്ചകോടിയിൽ ട്രംപ് ഗൾഫ് നേതാക്കളോട് പറഞ്ഞു. ഇറാന്റെ പ്രോക്‌സി ശൃംഖല കാര്യമായ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിലാണ് ഗാസയിൽ ഹമാസിനും ലെബനോനിൽ ഹിസ്ബുല്ലക്കും യെമനിൽ ഹൂത്തികൾക്കും ഇറാൻ നൽകുന്ന പിന്തുണ നിർത്തണമെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ ആവശ്യപ്പെടുന്നത്. ഇസ്രായിലുമായുള്ള യുദ്ധത്തിനു ശേഷം ഹിസ്ബുല്ല ഗുരുതരമായി ദുർബലപ്പെട്ടു. പ്രസ്ഥാനത്തിന്റെ നിരവധി നേതാക്കൾ കൊല്ലപ്പെട്ടു. സിറിയൻ ഏകാധിപതി ബശാർ അൽഅസദിന്റെ പതനത്തോടെ ഹിസ്ബുല്ലക്ക് പ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെട്ടു. ഹിസ്ബുല്ലക്ക് ആയുധങ്ങൾ അയക്കാൻ ഇറാൻ ഉപയോഗിച്ചിരുന്ന ചാനലായിരുന്നു സിറിയയിലെ ബശാർ അൽഅസദ് ഭരണകൂടം. ഹിസ്ബുല്ല ഭീകരരുടെ പിടിയിൽ നിന്ന് മുക്തമായ ഒരു ഭാവിക്ക് സമയമായതായി ട്രംപ് പറഞ്ഞു.
ഗാസയിൽ 2023 ഒക്‌ടോബർ മുതൽ ഇസ്രായിലിന്റെ ആക്രമണത്തിൽ ഹമാസ് സൈനികമായി തകർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച അമേരിക്ക പ്രഖ്യാപിച്ച ഏകപക്ഷീയമായ വെടിനിർത്തലോടെ അവസാനിച്ച അമേരിക്കൻ വ്യോമാക്രമണത്തിൽ നിന്ന് താരതമ്യേന പരിക്കേൽക്കാതെ രക്ഷപ്പെട്ടത് യെമനിലെ ഹൂത്തികൾ മാത്രമാണ്. കഴിഞ്ഞ മാസം മുതൽ അമേരിക്കയും ഇറാനും നാലു റൗണ്ട് ആണവ ചർച്ചകൾ നടത്തിയിട്ടുണ്ട്. സൗദി അറേബ്യ ചർച്ചകളെ പൂർണമായി പിന്തുണക്കുന്നതായും നല്ല ഫലങ്ങൾ പ്രതീക്ഷിക്കുന്നതായും വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. കഴിഞ്ഞ ദിവസം സൗദിയിൽ വെച്ച് സിറിയൻ പ്രസിഡന്റും അമേരിക്കൻ പ്രസിഡന്റും 25 വർഷത്തിനിടെ ആദ്യമായി മുഖാമുഖം കൂടിക്കാഴ്ച നടത്തി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള ചർച്ചകൾക്ക് ശേഷം സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിറിയൻ പ്രസിഡന്റ് അഹ്മദ് അൽശറഅ് റിയാദിലെത്തി സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിൽ ട്രംപിനെ നേരിട്ട് കണ്ടത്. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാനും വീഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
യു.എസ് ഉപരോധങ്ങളിൽ നിന്ന് സിറിയൻ ജനതക്ക് ആശ്വാസം ലഭിച്ചതിൽ സന്തോഷിച്ച് ദമാസ്‌കസിലെയും മറ്റു സിറിയൻ നഗരങ്ങളിലെയും തെരുവുകളിൽ ആഹ്ലാദം അലയടിച്ചു. ജനക്കൂട്ടം തെരുവുകളിലിറങ്ങി ആർപ്പുവിളിക്കുകയും നൃത്തം വെക്കുകയും ആഘോഷ വെടിവെപ്പുകൾ നടത്തുകയും ചെയ്തു. ഈ ഉപരോധങ്ങൾ ബശാർ അൽഅസദിനെതിരെ ചുമത്തി, പക്ഷേ … ഇപ്പോൾ സിറിയ സ്വതന്ത്രമാക്കപ്പെട്ടു, അമേരിക്കൻ ഉപരോധങ്ങൾ നീക്കം ചെയ്തത് വ്യവസായ മേഖലയിൽ നല്ല സ്വാധീനം ചെലുത്തും, അത് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആളുകളെ തിരിച്ചുവരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും അലപ്പോ സോപ്പ് ഫാക്ടറി ഉടമ സെയ്ൻ അൽജബാലി പറഞ്ഞു.