ന്യൂയോർക്ക്: കൊളംബിയ സർവകലാശാലയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം അരങ്ങേറി. യൂനിവേഴ്‌സിറ്റിയിലെ പബ്ലിക് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പ്രകടനക്കാരെ പോലീസിന് കൈമാറി.
കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ പ്രധാന ലൈബ്രറിയിലെ വായനശാലയിൽ ഫലസ്തീനികളെ പിന്തുണച്ച് ഡസൻ കണക്കിന് പ്രതിഷേധക്കാർ മേശകൾക്കു ചുറ്റും നിന്ന് ഡ്രം അടിക്കുകയും ബാനറുകൾ ഉയർത്തുകയും ചെയ്തു. കഴിഞ്ഞ വർഷം ഗാസക്കെതിരായ ഇസ്രായിലിന്റെ യുദ്ധത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ട ശേഷം ക്യാമ്പസിൽ നടക്കുന്ന ഏറ്റവും വലിയ പ്രകടനങ്ങളിൽ ഒന്നാണിത്.
ബട്ട്‌ലർ ലൈബ്രറിയിലെ ലോറൻസ് എ. വെയ്ൻ വായനശാലയിലെ നിലവിളക്കുകൾക്ക് താഴെ ഗാസക്കു വേണ്ടിയുള്ള സമരം, ഫ്രീ ഗാസ എന്നീ ബാനറുകൾ പിടിച്ച മുഖംമൂടി ധരിച്ച പ്രതിഷേധക്കാരുടെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
കഴിഞ്ഞ വർഷത്തെ പ്രതിഷേധങ്ങളെ സെമിറ്റിക് വിരുദ്ധമെന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജൂത വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൽ സർവകലാശാലകൾ പരാജയപ്പെട്ടുവെന്ന് പറഞ്ഞു. ശാസ്ത്ര ഗവേഷണത്തിനായി സർവകലാശാലക്ക് നൽകിവന്നിരുന്ന കോടിക്കണക്കിന് ഡോളറിന്റെ ഗ്രാന്റൻഡുകൾ മാർച്ചിൽ റദ്ദാക്കിയതിനെ തുടർന്ന് കൊളംബിയ സർവകലാശാലയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് അമേരിക്കൻ ഭരണകൂടവുമായി ചർച്ച നടത്തിവരികയാണ്. തങ്ങളുടെ ക്യാമ്പസിലെ സെമിറ്റിക് വിരുദ്ധതയെയും മറ്റു തരത്തിലുള്ള പക്ഷപാതങ്ങളെയും ചെറുക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് സർവകലാശാല പറയുന്നു. അക്കാദമിക് മേഖലയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സംരക്ഷണം കുറക്കാൻ സർക്കാരിനെ അനുവദിക്കുകയാണെന്ന പൗരാവകാശ ഗ്രൂപ്പുകളിൽ നിന്നുള്ള ആരോപണങ്ങളും യൂനിവേഴ്‌സിറ്റി നിരസിക്കുന്നു.
പബ്ലിക് സെക്യൂരിറ്റി ഉദ്യോഗസ്ഥർ വിദ്യാർത്ഥികളോട് തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടതായും പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ഉത്തരവിട്ടതായും കൊളംബിയ സർവകലാശാല പ്രസ്താവനയിൽ വ്യക്തമാക്കി. നിയമങ്ങൾ ലംഘിക്കുന്ന ആരെയും ശിക്ഷിക്കുമെന്ന് സർവകലാശാല ഭീഷണി മുഴക്കി. ക്യാമ്പസ് സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ ഗേറ്റിലൂടെ പുറത്തേക്ക് കൊണ്ടുപോകുന്നതും പുറത്തുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതും റോയിട്ടേഴ്‌സ് ദൃക്‌സാക്ഷി കണ്ടു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും സർവകലാശാലക്ക് ചുറ്റും ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. ഒരു ഘട്ടത്തിൽ കൂടുതൽ ആളുകൾ ലൈബ്രറിയിലേക്ക് കടക്കാൻ ശ്രമിച്ചു. എന്നാൽ പബ്ലിക് സെക്യൂരിറ്റി ഉദ്യോഗസ്ഥർ വാതിൽ അടച്ച് ആളുകളെ പുറത്തേക്ക് തള്ളിവിട്ടു.
യൂനിവേഴ്‌സിറ്റി സെക്യൂരിറ്റി ഉദ്യോഗസ്ഥർ പ്രകടനക്കാരെ ആക്രമിച്ചുവെന്നും സൈനിക അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡുകൾ കാണിക്കാൻ ആക്ടിവിസ്റ്റുകൾ വിസമ്മതിച്ചുവെന്നും പ്രതിഷേധക്കാരെ പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥി സംഘടന സോഷ്യൽ മീഡിയയിൽ പറഞ്ഞു. കൊളംബിയ യൂനിവേഴ്‌സിറ്റി ഉദ്യോഗസ്ഥർ സഹായം അഭ്യർത്ഥിച്ചതായും ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് ക്യാമ്പസിലേക്ക് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.