- അമേരിക്കയുടെ ചരിത്രത്തിൽ ഒരു വിദേശ രാജ്യം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമെന്ന് ട്രംപ്
അബുദാബി: പത്തു വർഷത്തിനുള്ളിൽ യു.എ.ഇ അമേരിക്കയിൽ 1.4 ട്രില്യൺ (1,40,000 കോടി) ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുമെന്ന് അബുദാബിയിലെ അൽവതൻ കൊട്ടാരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ പ്രഖ്യാപിച്ചു.
വികസനത്തിനായി യു.എ.ഇയും അമേരിക്കയും തമ്മിൽ ശക്തമായ പങ്കാളിത്തമുണ്ട്. പുതിയ സമ്പദ് വ്യവസ്ഥ, ഊർജം, നൂതന സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, വ്യവസായം എന്നീ മേഖലകളിൽ ഈ പങ്കാളിത്തത്തിന് അഭൂതപൂർവമായ ഗുണപരമായ ഉത്തേജനം ലഭിച്ചിട്ടുണ്ട്. അടുത്ത പത്ത് വർഷത്തിനകം ഈ മേഖലകളിൽ അമേരിക്കയിൽ 1.4 ട്രില്യൺ ഡോളർ നിക്ഷേപിക്കാനുള്ള യു.എ.ഇയുടെ പദ്ധതി ഇത് സ്ഥിരീകരിക്കുന്നതായും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ പറഞ്ഞു.
ഗൾഫ് പര്യടനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിൽ യു.എ.ഇയിലെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അബുദാബിയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് നടത്തിയ ചർച്ചക്കിടെയാണ് യു.എ.ഇ അമേരിക്കയിൽ ഭീമമായ നിക്ഷേപങ്ങൾ നടത്തുമെന്ന് യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിച്ചത്. 2008-ൽ ജോർജ് ബുഷിന് ശേഷം യു.എ.ഇ സന്ദർശിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്.
ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം യു.എ.ഇയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തിയെയാണ് അമേരിക്കയിൽ യു.എ.ഇ നടത്തുന്ന ഭീമമായ നിക്ഷേപങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് യു.എ.ഇ പ്രസിഡന്റ് വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും ബന്ധങ്ങൾ അഭൂതപൂർവമായ ഗുണപരമായ വളർച്ചക്ക് സാക്ഷ്യം വഹിച്ചു. രണ്ട് രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകൾക്കിടയിൽ ഗണ്യമായ സഹകരണമുണ്ട്. മേഖലക്ക് മാത്രമല്ല, ലോകത്തിനും സ്ഥിരതക്കും വളർച്ചക്കുമുള്ള അടിസ്ഥാനശിലയായി യു.എ.ഇ, അമേരിക്കൻ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്ന തന്ത്രപരമായ പദ്ധതികളും ഉണ്ട്.
മേഖലയിലും ലോകത്തും സമാധാനവും സ്ഥിരതയും കൈവരിക്കാൻ അമേരിക്കയുമായി അടുത്ത സഹകരണം തുടരാൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണ്. ഈ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്നത്തെ നിങ്ങളുടെ സാന്നിധ്യം ഈ പ്രതിബദ്ധത പങ്കിടുന്നുവെന്ന് സ്ഥിരീകരിക്കുന്നതായും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ശക്തിയെ ട്രംപ് പ്രശംസിച്ചു. ഞാൻ നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ വളരെക്കാലമായി സുഹൃത്തുക്കളാണ്. എനിക്ക് നിങ്ങളോട് വലിയ വിലമതിപ്പുണ്ട്. മിഡിൽ ഈസ്റ്റിൽ എല്ലാവർക്കും നിങ്ങളോട് വലിയ ബഹുമാനമുണ്ട്. വ്യക്തിപരമായി ഞാൻ നിങ്ങളെ ഒരു ശക്തനായ നേതാവായും മികച്ച യോദ്ധാവായും അപൂർവമായ കാഴ്ചപ്പാടുള്ള മനുഷ്യനായും കാണുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ നിങ്ങളുടെ രണ്ട് മികച്ച സുഹൃത്തുക്കളെ കണ്ടുമുട്ടി. ഞങ്ങൾ നിങ്ങളെ കുറിച്ച് സംസാരിച്ചു. പറഞ്ഞതെല്ലാം ആരാധനയും അഭിനന്ദനവും നിറഞ്ഞതായിരുന്നു. അവർ പറഞ്ഞു, നിങ്ങൾ കൈ കുലുക്കിയാലും ഒരു കരാറിലേർപ്പെട്ടാലും അത് ഒരു ഇടപാടാണെന്ന്. എല്ലാവരുടെയും വിശ്വാസം നിങ്ങൾ ആർജിക്കുന്നു. യു.എ.ഇയുടെ 1.4 ട്രില്യൺ ഡോളർ നിക്ഷേപ പ്രഖ്യാപനത്തിന് ട്രംപ് നന്ദി പ്രകടിപ്പിച്ചു. നമ്മുടെ രാജ്യത്ത് ഒരു വിദേശ രാജ്യം ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ നിക്ഷേപമാണിത്. ഇത് അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ഭാവിയിലുള്ള വലിയ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും എല്ലാവർക്കും നന്ദിയെന്നും ട്രംപ് പറഞ്ഞു.
അമേരിക്ക നിലവിൽ അഭൂതപൂർവമായ സാമ്പത്തിക വളർച്ചക്കും വീണ്ടെടുക്കലിനും സാക്ഷ്യംവഹിക്കുന്നു. തൊഴിൽ മുതൽ നിക്ഷേപം വരെയുള്ള വിവിധ മേഖലകളിലെ കണക്കുകളും സ്ഥിതിവിവരക്കണക്കുകളും റെക്കോർഡ് നിലവാരത്തിലെത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
അൽവതൻ കൊട്ടാരത്തിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ യു.എ.ഇ പ്രസിഡന്റ് അമേരിക്കൻ പ്രസിഡന്റിന് ശൈഖ് സായിദ് മെഡൽ സമ്മാനിച്ചു. ഗാസയിൽ വെടിനിർത്തൽ കൈവരിക്കാനും മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന സംഘർഷാവസ്ഥ തടയാനുമുള്ള ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു. മേഖലയിലെ എല്ലാ ജനങ്ങൾക്കും സുരക്ഷയും സ്ഥിരതയും ഉറപ്പുനൽകുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള രാഷ്ട്രീയ പാതയിലേക്ക് ഈ ശ്രമങ്ങൾ തുടരേണ്ടതിന്റെയും അവയെ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെയും പ്രാധാന്യം യു.എ.ഇ പ്രസിഡന്റ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമുച്ചയത്തിന്റെ ഭാഗമായ 1 ജിഗാവാട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററിന്റെ ഉദ്ഘാടനത്തിന് ശൈഖ് മുഹമ്മദ് ബിൻ സായിദും അമേരിക്കൻ പ്രസിഡന്റ് ട്രംപും സാക്ഷ്യം വഹിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട യു.എ.ഇ-അമേരിക്ക ബന്ധങ്ങളുടെ ചരിത്രത്തിലെ ഒരു നിർണായക നാഴികക്കല്ലാണ് ട്രംപിന്റെ സന്ദർശനം. യു.എ.ഇയിൽ എത്തിയതിന് തൊട്ടുപിന്നാലെ, യു.എസ് പ്രസിഡന്റ് ശൈഖ് സായിദ് മസ്ജിദ് സന്ദർശിച്ചു. ആദ്യ വിദേശ സന്ദർശനത്തിനായി ട്രംപ് ഗൾഫ് മേഖല തിരഞ്ഞെടുത്തത് അന്താരാഷ്ട്ര വേദിയിൽ ഈ മേഖലയുടെ നിർണായക പങ്കിന് അമേരിക്ക നൽകുന്ന വർധിച്ചുവരുന്ന പ്രാധാന്യത്തിന് അടിവരയിടുന്നതായി നിരീക്ഷകർ അഭിപ്രായപ്പെട്ടു.
അമേരിക്കയും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ 1971-ലാണ് ആരംഭിച്ചത്. 1974-ൽ ഇരു രാജ്യങ്ങളും പരസ്പരം എംബസികൾ തുറന്നു. ഉത്തരാഫ്രിക്ക, മിഡിൽ ഈസ്റ്റ് മേഖലയിൽ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് യു.എ.ഇ. 2024-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 32.8 ബില്യൺ ഡോളറിലെത്തി. ആഗോളതലത്തിൽ യു.എ.ഇയുടെ ഏറ്റവും വലിയ ആറാമത്തെ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ വ്യാപാര പങ്കാളിയും അമേരിക്കയാണ്.
നിലവിൽ അമേരിക്കയിലെ യു.എ.ഇ നിക്ഷേപങ്ങൾ ഒരു ട്രില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. വ്യോമയാനം, ഊർജം, നൂതന സാങ്കേതികവിദ്യ, കൃത്രിമബുദ്ധി എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ യു.എ.ഇ അമേരിക്കയിൽ ഭീമമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.