മനാമ– സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമങ്ങളെ പിന്തുണയ്ക്കാൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അടുത്തിടെ അംഗീകരിച്ച പ്രസ് ആൻഡ് ഡിജിറ്റൽ മീഡിയ നിയമത്തിന്റെ പ്രധാന നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രസിഡന്റ് ഇസ അൽ ഷൈജിയുടെ നേതൃത്വത്തിലുള്ള ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷൻ (ബിജെഎ) ഉന്നതതല മാധ്യമ യോഗം നടത്തി. മാധ്യമ രംഗത്തെ രാജാവിന്റെ ഉപദേഷ്ടാവ് നബീൽ ബിൻ യാക്കൂബ് അൽ ഹമർ, വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നൊഐമി, ക്രൗൺ പ്രിൻസ് കോർട്ട് മാധ്യമകാര്യ ഉപദേഷ്ടാവ് ഇസ ബിൻ അബ്ദുൾറഹ്മാൻ അൽ ഹമ്മദി, വാർത്താവിനിമയ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി യൂസിഫ് അൽ ബിൻഖാലിൽ, നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ (എൻസിസി) സിഇഒ അഹമ്മദ് ഖാലിദ് അൽ അറൈഫി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ ബഹ്റൈന്റെ സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്നതിൽ ദേശീയ മാധ്യമങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അൽ ഷൈജി പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയോടെ അസോസിയേഷന് ഭൂമി അനുവദിക്കാനും സ്ഥിരമായ ഒരു ആസ്ഥാനം നിർമ്മിക്കാനുമുള്ള രാജാവിന്റെ ഉത്തരവിനെ അൽ ഷൈജി സ്വാഗതം ചെയ്തു.
രാജ്യത്ത് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ശക്തമായ ഒരു നിയമനിർമ്മാണ അടിത്തറ ഈ ഘട്ടം സൃഷ്ടിച്ചുവെന്നും പത്രപ്രവർത്തനത്തിൽ പ്രൊഫഷണൽ ഉത്തരവാദിത്തം ശക്തിപ്പെടുത്തി, ഡിജിറ്റൽ വികസനങ്ങളുമായി പൊരുത്തപ്പെടുന്നതും പ്രൊഫഷണൽ മൂല്യങ്ങളെയും നിയമത്തോടുള്ള ബഹുമാനത്തെയും അടിസ്ഥാനമാക്കി ഉത്തരവാദിത്തമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നതുമായ പ്രസ്സ്, ഡിജിറ്റൽ മീഡിയ നിയമത്തിന് വഴിയൊരുക്കി. നിയമം തയ്യാറാക്കുന്നതിലും വികസിപ്പിക്കുന്നതിലും ബിജെഎയുമായുള്ള സഹകരണത്തെ വാർത്താവിനിമയ മന്ത്രി ഡോ. അൽ നൊയിമി അഭിനന്ദിച്ചു. ചീഫ് എഡിറ്റർമാർ, മാധ്യമ പ്രവർത്തകർ, പത്ര സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരുടെയെല്ലാം പ്രയത്ന ഫലമായാണ് ഇത് സാധ്യമായത്. പത്രസ്വാതന്ത്ര്യം വർധിപ്പിക്കുന്നതിനും, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അവകാശങ്ങൾ ഉറപ്പുനൽകുന്നതിനും, വിവിധ മേഖലകളിലായി രാജ്യത്തിന്റെ വികസനത്തിനിടയിൽ ദ്രുതഗതിയിലുള്ള ആഗോള സംഭവവികാസങ്ങൾക്കൊപ്പം നിൽക്കാൻ കഴിവുള്ള ഉത്തരവാദിത്തമുള്ള ഒരു ദേശീയ മാധ്യമത്തെ സ്ഥാപിക്കുന്നതിനും ഈ ശ്രമങ്ങൾ കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ ആക്ഷൻ ചാർട്ടറിലും രാജ്യത്തിന്റെ ഭരണഘടനയിലും പറഞ്ഞിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി രാജാവിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, അഭിപ്രായ സ്വാതന്ത്ര്യം ശക്തിപ്പെടുത്താൻ പ്രധാന പരിഷ്‌കാര നിയമങ്ങൾ കൊണ്ടുവന്നു. പത്രപ്രവർത്തകർക്കും മാധ്യമ പ്രൊഫഷണലുകൾക്കും സംരക്ഷണം വർധിപ്പിച്ചു. ജയിൽ ശിക്ഷകൾ നിർത്തലാക്കിയെങ്കിലും പകരം സാമ്പത്തിക ശിക്ഷകൾ ഏർപ്പെടുത്തിയതുമെല്ലാം മന്ത്രി ചൂണ്ടികാട്ടി.
2002 ലെ ഡിക്രി-ലോ (47) ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2025 ലെ നിയമം (41) അംഗീകരിച്ച് പുറപ്പെടുവിച്ചത് മാധ്യമ, പത്രപ്രവർത്തന മേഖലകളിൽ രാജ്യത്തുടനീളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന വികസനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അൽ ഹമ്മദി വ്യക്തമാക്കി. 2002 ൽ ആദ്യമായി പുറപ്പെടുവിച്ച പ്രസ് ആൻഡ് ഡിജിറ്റൽ മീഡിയ നിയമം, ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഏകീകരിക്കാൻ ലക്ഷ്യമിടുന്നുവെന്നും ദേശീയ ആക്ഷൻ ചാർട്ടറിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസ് സൽമാൻ അധ്യക്ഷനായ ചാർട്ടർ ഇംപ്ലിമെന്റേഷൻ കമ്മിറ്റിയുടെ മാർഗ്ഗനിർദ്ദേശത്തിലാണ് നിയമം വികസിപ്പിച്ചെടുത്തത്, എക്‌സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് അതോറിറ്റികൾ തമ്മിലുള്ള ഒരുമ്മിച്ചുള്ള സഹകരണത്തിൽ ഭേദഗതികൾ നടപ്പിലാക്കുന്നതിന് അദ്ദേഹം ഊന്നൽ നൽകി, ബിജെഎ, എഡിറ്റർമാർ-ഇൻ-ചീഫ്, മീഡിയ പ്രൊഫഷണലുകൾ എന്നിവരുമായി ഏകോപിപ്പിച്ച്, ഇൻഫർമേഷൻ മന്ത്രിയുടെ ശ്രദ്ധേയമായ ശ്രമങ്ങളോടെ സമീപകാല ഭേദഗതികൾ മാധ്യമ സംവിധാനത്തിന് സമകാലിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും എല്ലാത്തരം ഡിജിറ്റൽ മീഡിയകളിലെയും ഭാവിയിലെ സംഭവവികാസങ്ങളുമായി പൊരുത്തപ്പെടുന്നതിനും കൂടുതൽ വഴക്കം നൽകുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിലും നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിലും അന്താരാഷ്ട്ര തലത്തിൽ ബഹ്റൈന്റെ സ്ഥാനം ഉയർത്തുന്നതിലും മാധ്യമങ്ങളുടെ പങ്കിനെ അഭിനന്ദിച്ചിട്ടുമാണ് യോഗം അവസാനിച്ചത്.



