ജിദ്ദ– 79 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ എന്ന തലകെട്ടിൽ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് ജിദ്ദയിൽ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. ഒരു ഏകീകൃത സംസ്കാരമോ, ചരിത്രമോ, പൈതൃകമോ, ഭാഷയോ, ജീവിത രീതിയോ ഒന്നും തന്നെ ഇല്ലാത്ത ഒരു ജന സമൂഹത്തെ ഇന്ത്യ എന്ന ഒറ്റ രാജ്യമാക്കി ഒന്നിച്ചു നിർത്തുന്നത് നമ്മുടെ രാജ്യത്തിൻറെ ഭരണ ഘടനയാണെന്ന് മാധ്യമ പ്രവർത്തകൻ സജിത് തന്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. എന്നാൽ, ഈ ഭരണ ഘടന തന്നെയാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നവരുടെ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ഓരോ അഞ്ചു വർഷം കൂടുമ്പോഴും സാധാരണക്കാരിൽ സാധാരണക്കാരായ പൊതു ജനങ്ങളുടെ തീരുമാനത്തിലാണ് തങ്ങളുടെ ഭാവി എന്നത് അവർക്ക് പ്രയാസമുണ്ടാക്കുന്ന ഒന്നാണ്, അത് കൊണ്ട് തന്നെയാണ് കുറുക്കു വഴികളിലൂടെ ഭരണ ഘടനയെ വഞ്ചിച്ചുകൊണ്ട്, ജന വിധിയെ മാറ്റി മറിച്ചു അധികാരം നില നിറുത്താൻ ഭരണ പക്ഷം ശ്രമിക്കുന്നത് എന്നും എന്നാൽ ഇത് ഏറെ അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നും, ഭരണ ഘടന ഇല്ലാതായാൽ ഇന്ത്യ എന്ന രാജ്യം പോലും ഉണ്ടാവില്ല എന്ന തിരിച്ചറിവ് ഭരണഘടനാ ശില്പികൾക്കുണ്ടായിരുന്നതിനാലാണ് എല്ലാവർക്കും തുല്യ പരിഗണനയുള്ള സാർവത്രിക വോട്ടവകാശം അവർ ഭരണ ഘടനയിലൂടെ മൗലികാവകാശമാക്കിയത്. വിയോജിപ്പുകളെ രാജ്യ ദ്രോഹമാക്കി കൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യൻ ഭരണഘടനയിൽ എവിടെയും ഭരണാധികാരി അഥവാ റൂളർ എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നും ഗവണ്മെന്റ് എന്നതിന് ഭരണാധികാരി എന്നർത്ഥമില്ല എന്നും അദ്ദേഹം തൻ്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.


പ്രധാനമന്ത്രിയുടെ വിജയം പോലും വ്യക്തമായ വോട്ട് മോഷണത്തിലൂടെ നേടിയതാണ് എന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുന്ന ഈ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിൻറെ ഭരണഘടന സംരക്ഷിക്കാനുള്ള പുതിയ സ്വാതന്ത്ര്യ സമരത്തിനുള്ള ഊർജ്ജം സംഭരിക്കുന്നതിനുള്ള തുടക്കം കുറിക്കണമെന്ന് പ്രവാസി വെൽഫെയർ നാഷണൽ കമ്മിറ്റി അംഗം ഖലീൽ പാലോട് പറഞ്ഞു. ഇന്ത്യയെ ഒന്നിപ്പിക്കാനല്ല മറിച്ചു ഭിന്നിപ്പിക്കുന്നതിനാണ് രാജ്യംഭരിക്കുന്നവർ അധ്വാനിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പൗരത്വം ദേശീയതയുമായി ബന്ധപ്പെട്ടതാണ്, വോട്ടവകാശം നിഷേധിക്കുന്നതിലൂടെ പൗരത്വം തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതിലൂടെ ഒരു വ്യക്തിയെ അഭയാർത്ഥിയാക്കാനും എല്ലാ മൗലികാവകാശങ്ങളും നിഷേധിക്കാനും കഴിയും ഇതാണ് ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മുടെ പൂർവികർ സ്വപ്നം കണ്ട ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കി, ഭരണഘടന നമുക്കുറപ്പ് നൽകുന്ന മതേതരത്വത്തിനും മത നിരപേക്ഷതക്കും പകരം ഹിന്ദുത്വ എന്ന ലക്ഷ്യം വെച്ചാണ് നമ്മുടെ രാജ്യം ഭരിക്കുന്ന സർക്കാർ മുന്നോട്ടു പോകുന്നത് എന്നും ബഹുജന സമരത്തെ തുടർന്ന് തൽകാലം പുറത്തെടുക്കാതെ വെച്ചിരിക്കുന്ന പൗരത്വ ബിൽ ഇലെക്ഷൻ കമ്മിഷൻ മുഖേന നടപ്പിലാക്കാൻ ശ്രമിക്കുന്ന ലജ്‌ജാകരമായ കാഴ്ചയാണ് ബീഹാറിലും ആസാമിലും കണ്ടുകൊണ്ടിരിക്കുന്നത് എന്നും അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ഒരു പങ്കും ഇല്ലാത്തതു കൊണ്ടാണ് ഓഗസ്റ്റ് 14 നു വിഭജൻ ഭീതി ദിനമായി ആചരിക്കാൻ സംഘ് പരിവാർ സർക്കാർ ഉത്സാഹിക്കുന്നത് കാരണം ഇന്ത്യയെ വിഭജിക്കാനുള്ള ചിന്തയുടെ വിഷവിത്തുകൾ ആദ്യം പാകിയത് ഹിന്ദു മഹാസഭയുടെ സ്ഥാപക അധ്യക്ഷനായ സവർക്കാർ ആയിരുന്നു എന്ന് സമാപനം നടത്തിയ പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ബഷീർ ചുള്ളിയൻ പറഞ്ഞു.
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതം നിർവഹിച്ചു. നാഷണൽ കമ്മിറ്റി അംഗം സി എച്ച് ബഷീർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞക്ക് നേതൃത്വം നൽകി. ഗായകൻ ജമാൽ പാഷയും മാസിൻ ജമാൽ പാഷയും ഗാനങ്ങൾ ആലപിച്ചു. പ്രവാസി വെൽഫെയർ ട്രഷറര്‍ നൗഷാദ് പയ്യന്നൂർ, സെക്രട്ടറിമാരായ സുഹ്‌റ ബഷീർ, അബ്ദു സുബ്ഹാൻ, യൂസുഫ് പരപ്പൻ, പ്രൊവിൻസ് കമ്മിറ്റി അംഗം ഷഫീഖ് മേലാറ്റൂർ, മുനീർ ഇബ്രാഹിം, അഡ്വ. ഫിറോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി