ദുബൈ– എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് പൂർണമായി വിലക്കിയ നിയമം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ വിമാന കമ്പനി അറിയിച്ചു. വിമാനങ്ങളിൽ ഓരോ സീറ്റിലും ചാർജ് ചെയ്യാനുള്ള സംവിധാനം എമിറേറ്റ്‌സ് ഉറപ്പാക്കും. എങ്കിലും യാത്രക്ക് മുമ്പ് ഉപഭോക്താക്കൾ അവരുടെ ഉപകരണങ്ങൾ പൂർണമായും ചാർജ് ചെയ്യണമെന്ന് എയർലൈൻസ് നിർദേശം നൽകി. വ്യോമയാന മേഖലയിൽ ലിഥിയം ബാറ്ററി ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അപകടസാധ്യതകൾ സുരക്ഷാ അവലോകനം വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പവർ ബാങ്ക് ഉപയോഗ വിലക്ക് എമിറേറ്റ്സിന്റെ മുഴുവൻ വിമാനങ്ങളിലും ബാധകമാണെന്ന് എയർലൈൻ പറഞ്ഞു.
എമിറേറ്റ്‌സിലെ പുതിയ നിയമം അനുസരിച്ച് യാത്രക്കാർക്ക് 100 വാട്ട്-അവേഴ്സിൽ താഴെയുള്ള ഒരു പവർ ബാങ്ക് യാത്രയിൽ കൂടെ കൊണ്ടുപോകാവുന്നതാണ്. വിമാനത്തിന്റെ പവർ സപ്ലൈ ഉപയോഗിച്ച് യാത്രക്കാർക്ക് പവർ ബാങ്കുകൾ ചാർജ് ചെയ്യാനോ ഉപയോഗിക്കാനോ കഴിയില്ല. എല്ലാ പവർ ബാങ്കുകളിലും കപ്പാസിറ്റി റേറ്റിംഗ് വിവരങ്ങൾ പ്രദർശിപ്പിക്കണം. സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലോ ആണ് പവർ ബാങ്കുകൾ സൂക്ഷിക്കേണ്ടത്. ചെക്ക് ഇൻ ബാഗേജുകളിൽ പവർ ബാങ്കുകൾക്കുള്ള വിലക്ക് തുടരുമെന്നും എയർലൈൻസ് അറിയിച്ചു.
സാധാരണയായി ലിഥിയം-അയൺ, ലിഥിയം-പോളിമർ ബാറ്ററികളിൽ പ്രവർത്തിക്കുന്ന പവർ ബാങ്കുകൾ കേടായാലോ അമിതമായി ചാർജ് ചെയ്താലോ തീപിടുത്തത്തിന് കാരണമാകും. ചില സന്ദർഭങ്ങളിൽ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അടിയന്തിര സാഹചര്യങ്ങളിൽ ക്യാബിൻ ക്രൂവിന് പെട്ടെന്ന് പ്രതികരിക്കാൻ കഴിയുമെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.