ജിദ്ദ/ന്യൂഡൽഹി: വിജയകരമായ സൗദി സന്ദർശനം വേഗം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ സൗദി സന്ദർശനം നിശ്ചയിച്ചതിൽനിന്നും വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഇന്ത്യൻ സമയം ഏഴോടെയാണ് പ്രധാനമന്ത്രി ഡൽഹിലെത്തിയത്. തുടർന്ന് പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ടെക്‌നിക്കൽ ഏരിയയിലെ ലോഞ്ചിൽ യോഗം ആരംഭിച്ചു.

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി, ജിദ്ദ മേയർ സ്വാലിഹ് ബിൻ അലി അൽതുർക്കി, മക്ക പ്രവിശ്യ പോലീസ് ഡയറക്ടർ മേജർ ജനറൽ സ്വാലിഹ് അൽജാബരി, ഇന്ത്യയിലെ സൗദി എംബസി ചാർജ് ഡി അഫയേഴ്‌സ് അഹ്മദ് അൽഅഹ്മരി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ, മക്ക പ്രവിശ്യ റോയൽ പ്രോട്ടോക്കോൾ ഡയറക്ടർ അഹ്മദ് അബ്ദുല്ല ബിൻ ദാഫിർ എന്നിവർ ചേർന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ യാത്രയാക്കിയത്.

നേരത്തെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മോദിയുമായി ചർച്ച നടത്തി. ജിദ്ദ അൽസലാം കൊട്ടാരത്തിലെ റോയൽ കോർട്ടിൽ വെച്ചാണ് കിരീടാവകാശി ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അൽസലാം കൊട്ടാരത്തിൽ വച്ച് പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നൽകി. സൗദി അറേബ്യ സന്ദർശിക്കാനും കിരീടാവകാശിയെ കാണാനും കഴിഞ്ഞതിൽ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു. മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.

തുടർന്ന്, ഇന്ത്യൻ പ്രധാനമന്ത്രിയുടെയും സൗദി കിരീടാവകാശിയുടെയും അധ്യക്ഷതയിൽ സൗദി, ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗം ചേർന്നു. കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കൗൺസിലിന്റെ അജണ്ടയിലെ നിരവധി വിഷയങ്ങൾ അവലോകനം ചെയ്തു. യോഗാവസാനം, സൗദി, ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗത്തിന്റെ മിനിറ്റ്‌സിൽ കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും ഒപ്പുവെച്ചു. ഇതിനു ശേഷം സൗദി കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും പ്രത്യേക കൂടിക്കാഴ്ചയും നടത്തി.

സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ, സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബദുല്ല ബിൻ ബന്ദർ രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി, നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, റോയൽ കോർട്ട് ഉപദേഷ്ടാവ് മുഹമ്മദ് അൽതുവൈജിരി, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദർ അൽറശീദ്, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയാൻ, ഇന്ത്യൻ വിദേശ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ, പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിധി തിവാരി, പ്രധാനമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി ദീപക് മിത്തൽ, വിദേശ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അസീം മഹാജൻ, വിദേശ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി രൺധീർ ജയ്‌സ്വാൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
