ദോഹ– മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തിയ ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഖത്തർ ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഘലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും ബഹുമുഖ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു .


ഖത്തർ സെൻട്രൽ ബാങ്ക് ഗവർണറും ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെയും ഖത്തർ ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റിയുടെയും ചെയർമാനുമായ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽതാനിയുമായും പീയൂഷ് ഗോയൽ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക വാണിജ്യ രംഗത്ത് ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ കുറിച്ച് നേതാക്കൾ ചർച്ച നടത്തി . ഖത്തറിലെത്തിയ വാണിജ്യ വ്യവസായ മന്ത്രി ഇന്ത്യൻ എംബസിയിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി . ഇന്ത്യൻ പ്രധാനമന്ത്രിയുടെ ‘ഏക് പെഡ് മാ കെ നാം’ പദ്ധതിയുടെ ഭാഗമായി എംബസിയിൽ മന്ത്രി പിയൂഷ് ഗോയൽ ഒരു തൈ നടുകയും ചെയ്തു.