ജിദ്ദ: ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിൽ മക്ലാരൻ ടീമിലെ സഹതാരം ലാൻഡോ നോറിസിനെ അഞ്ച് മത്സരങ്ങളിൽ മൂന്നാം വിജയത്തോടെ മറികടന്ന്, ഞായറാഴ്ച നടന്ന സൗദി അറേബ്യൻ ഗ്രാന്റ് പ്രീയിൽ ഓസ്‌കാർ പിയാസ്ട്രി വിജയിച്ചു.
റെഡ് ബുള്ളിന്റെ നാലു തവണ ചാമ്പ്യനായ മാക്‌സ് വെർസ്റ്റാപ്പൻ ജിദ്ദയിലെ കോർണിഷ് സർക്യൂട്ടിൽ പോളിൽ നിന്ന് ആരംഭിച്ച് പിയാസ്ട്രിയുമായുള്ള ആദ്യ കോർണർ കൂട്ടിമുട്ടലിൽ അഞ്ച് സെക്കന്റ് പെനാൽറ്റി നേടി ഓസ്‌ട്രേലിയക്കാനെക്കാൾ 2.843 സെക്കന്റ് പിന്നിലായി റണ്ണറപ്പായി. ഫെറാരിയുടെ ആദ്യ പോഡിയത്തിൽ ചാൾസ് ലെക്ലർക്ക് മൂന്നാമതെത്തി. നോറിസ് ഗ്രിഡിൽ പത്താം സ്ഥാനത്തു നിന്ന് നാലാമതായി.
കഴിഞ്ഞ വാരാന്ത്യത്തിൽ ബഹ്‌റൈനിലും കഴിഞ്ഞ മാസം ചൈനയിലും വിജയിച്ച പിയാസ്ട്രി 2010 ൽ തന്റെ മാനേജർ മാർക്ക് വെബ്ബറിനു ശേഷം ചാമ്പ്യൻഷിപ്പ് നയിക്കുന്ന ആദ്യ ഓസ്‌ട്രേലിയക്കാരനും ഈ സീസണിലെ ആദ്യത്തെ തുടർച്ചയായ വിജയിയുമായി. യോഗ്യതാ മത്സരത്തിൽ ഒരു ക്രാഷ് മൂലം മത്സരത്തിൽ പരാജയപ്പെട്ട നോറിസിനെ ഇപ്പോൾ പിയാസ്ട്രി 10 പോയിന്റുകൾക്ക് പിന്നിലാക്കി. പിയാസ്ട്രി 99 പോയിന്റും നോറിസ് 89 പോയിന്റും വെർസ്റ്റാപ്പൻ 87 പോയിന്റുമാണ് ഇതുവരെ നേടിയത്.
കൺസ്ട്രക്ടേഴ്‌സിന്റെ സ്റ്റാൻഡിംഗിൽ ചാമ്പ്യന്മാരായ മക്ലലാരൻ മെഴ്‌സിഡസിനെതിരായ ലീഡ് 77 പോയിന്റായി ഉയർത്തി. ഇതൊരു കഠിനമായ മത്സരമായിരുന്നു. വിജയിച്ചതിൽ ഞാൻ വളരെ വളരെ സന്തോഷവാനാണ്. തുടക്കത്തിൽ തന്നെ വ്യത്യാസം വരുത്തി. എന്റെ കേസ് ടേൺ വണ്ണിലേക്ക് മാറ്റി, അത് മതിയായിരുന്നു പിയാസ്ട്രി അഹ്ലാദത്തോടെ പറഞ്ഞു. തീർച്ചയായും എന്റെ കരിയറിലെ ഏറ്റവും കഠിനമായ മത്സരങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് 30 ഡിഗ്രി താപനിലയിൽ സൂപ്പർഫാസ്റ്റ് ട്രാക്കിന് ചുറ്റുമുള്ള 50 ലാപ്പുകൾ പിന്നിട്ട ശേഷം പിയാസ്ട്രി പറഞ്ഞു.
മെഴ്‌സിഡസിനായി ജോർജ് റസ്സൽ അഞ്ചാം സ്ഥാനത്തും ഇറ്റാലിയൻ സഹതാരം കിമി അന്റൊനെല്ലി ആറാം സ്ഥാനത്തും ഏഴ് തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടൺ ഫെറാരിക്ക് വേണ്ടി ഏഴാം സ്ഥാനത്തും എത്തി. വില്യംസ് ഡ്രൈവറായ സ്‌പെയിനിന്റെ കാർലോസ് സൈൻസ് എട്ടാം സ്ഥാനവും വില്യംസ് ഡ്രൈവറായ തായ്‌ലന്റിന്റെ അലക്‌സാണ്ടർ ആൽബൺ ഒമ്പതാം സ്ഥാനവും റേസിംഗ് ബുൾസ് ഡ്രൈവറായ ഫ്രാൻസിന്റെ ഐസക് ഹജാർ പത്താം സ്ഥാനവും നേടി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രതിനിധീകരിച്ച് സ്‌പോർട്‌സ് മന്ത്രിയും സൗദി ഒളിംപിക്, പാരാലിംപിക് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ തുർക്കി രാജകുമാരൻ സൗദി അറേബ്യ തുടർച്ചയായി അഞ്ചാം തവണയും ആതിഥേയത്വം വഹിക്കുന്ന 2025 ഫോർമുല വൺ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടായ എസ്.ടി.സി ഫോർമുല വൺ സൗദി ഗ്രാന്റ് പ്രീയിൽ പങ്കെടുത്തു.
ആഗോളതലത്തിൽ നടന്ന പ്രധാന പരിപാടിയിൽ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ, എസ്.ടി.സി ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് ബിൻ ഖാലിദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ രാജകുമാരൻ, സൗദി അറേബ്യൻ മോട്ടോർ ഫെഡറേഷന്റെയും സൗദി മോട്ടോർസ്‌പോർട്ട് കമ്പനിയുടെയും ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല ബിൻ ഫൈസൽ രാജകുമാരൻ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയാൻ, ഇന്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് ബിൻ സുലൈം എന്നിവർ അടക്കം നിരവധി മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനം നേടിയ മക്ലാരൻ ടീമിന്റെ ഡ്രൈവർ ഓസ്‌ട്രേലിയക്കാരൻ ഓസ്‌കാർ പിയാസ്ട്രിയെ സ്‌പോർട്‌സ് മന്ത്രി കിരീടം അണിയിച്ചു. രണ്ടാം സ്ഥാനം നേടിയ റെഡ് ബുൾ ടീമിന്റെ ഡെച്ച് ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പന് ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല ബിൻ ഫൈസൽ രാജകുമാരൻ കിരീടം സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാരായ ഫെറാരി ടീമിന്റെ ഡ്രൈവറായ മൊണാക്കോയുടെ ഡ്രൈവർ ചാൾസ് ലെക്ലർക്കിന് യാസിർ അൽറുമായാനും ഈ റൗണ്ടിലെ വിജയികളായ മക്ലാരൻ ടീമിനെ മുഹമ്മദ് ബിൻ ഖാലിദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ രാജുമാരനും കിരീടം സമ്മാനിച്ചു. എസ്.ടി.സി സൗദി അറേബ്യൻ ഗ്രാന്റ് പ്രിക്‌സ് ഫോർമുല വൺ വിജയിയായ ഓസ്‌കാർ പിയാസ്ട്രിക്ക് ഇന്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ പ്രസിഡന്റ് ഫെഡറേഷൻ വക മെഡൽ സമ്മാനിച്ചു.