ബുറൈദ – ഇന്ധനത്തിന്റെ അളവില്‍ കുറവ് വരുത്തി കൃത്രിമം നടത്തി ഉപയോക്താക്കളെ കബളിപ്പിച്ച പെട്രോള്‍ ബങ്കിന് അല്‍ഖസീം അപ്പീല്‍ കോടതി 27,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. പെട്രോള്‍ ബങ്കിലെ നിയമ വിരുദ്ധ അളവ് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.
ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന ഖാലിദ് ബിന്‍ സലാമ ബിന്‍ ഹമദ് അല്‍ഹര്‍ബി ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ്, സ്ഥാപന ഉടമ ഖാലിദ് സലാമ ഹമദ് അല്‍ഹര്‍ബി, പെട്രോള്‍ ബങ്കിലെ ജീവനക്കാരനായ ബംഗ്ലാദേശുകാരന്‍ റൈമോന്‍ മിയാ എന്നിവര്‍ക്കാണ് ശിക്ഷ. സ്ഥാപനത്തിന്റെയും ഉടമയുടെയും ജീവനക്കാരന്റെയും പേരുവിവരങ്ങളും സ്ഥാപനത്തില്‍ കണ്ടെത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ഇന്ധനത്തിന്റെ അളവില്‍ കുറവ് വരുത്തിയും മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത അളവ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പമ്പ് റീഡിംഗുകളില്‍ കൃത്രിമം കാണിച്ചുമാണ് പെട്രോള്‍ ബങ്ക് അധികൃതര്‍ വാണിജ്യ വഞ്ചന നടത്തിയത്. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററുകളിലും ഗ്യാസ് സ്റ്റേഷനുകളിലും വാണിജ്യ മന്ത്രാലയം, ഊര്‍ജ മന്ത്രാലയം, സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ എന്നിവയുടെ പരിശോധനാ സംഘങ്ങള്‍ നടത്തിവരുന്ന പരിശോധനകള്‍ക്കിടെയാണ് ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കില്‍ നിയമ ലംഘനം കണ്ടെത്തിയത്.
ഇന്ധനത്തിന്റെ അളവില്‍ കുറവ് വരുത്താനായി കൃത്രിമം കാണിക്കാന്‍ ഉപയോഗിക്കുന്ന, മാനദണ്ഡങ്ങള്‍ക്ക് നിരത്താത്ത പത്തു അളവെടുക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച അഞ്ച് ഇന്ധന പമ്പുകള്‍ പെട്രോള്‍ ബങ്കില്‍ അധികൃതര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമ ലംഘനം രേഖപ്പെടുത്തി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ശിക്ഷകള്‍ പ്രഖ്യാപിക്കാനായി കേസ് പിന്നീട് കോടതിക്ക് കൈമാറി. സൗദിയില്‍ വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.



