മനാമ– അത്ഭുതങ്ങളുടെ കലവറയായ കടലാഴിയിൽ നിന്ന് മുത്തുവാരൽ മത്സരത്തിൽ(പേൾ ഡൈവിങ്) വിജയിയായി അബ്ദുല്ല ഖലീഫ അൽ മുഅവ്വദ. 11.14 ഗ്രാം മുത്തുകളാണ് അബ്ദുല്ല ശേഖരിച്ചത്. ശൈഖ് നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ എട്ടാം പതിപ്പിനോട് അനുബന്ധിച്ച് നടത്തിയ പേൾ ഡൈവിങ് മത്സരം ഷാതിയ മറൈൻ ഏരിയയിലാണ് നടന്നത്. മത്സരത്തിൽ 10.25 ഗ്രാം മുത്തുകൾ നേടി മുഹമ്മദ് ഫാദൽ അബ്ബാസ് രണ്ടാം സ്ഥാനവും, 9.13 ഗ്രാം മുത്തുകൾ നേടി അബ്ദുല്ല നാസർ അൽ ഖല്ലാഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നൂറോളം മുങ്ങൽ വിദഗ്ദർ പങ്കെടുത്ത മത്സരത്തിൽ തറാവിഷ് എന്നറിയപ്പെടുന്ന പ്രത്യേക ജഡ്ജിങ് പാനൽ മത്സരാർത്ഥികൾ ശേഖരിച്ച മുത്തുകളുടെ ഭാരം, തിളക്കം, നിറം, എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ബഹ്‌റൈനിന്റെ തനതായ സമുദ്ര പൈതൃകം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ഇൻഹെറിറ്റഡ് ട്രഡീഷണൽ സ്‌പോർട്‌സ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രധാന മത്സരങ്ങളിലൊന്നാണ് നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസൺ.