ദുബൈ– ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ അല്‍മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ യാത്രക്കാര്‍ പോകരുതെന്ന് ദുബൈ എയര്‍പോര്‍ട്ട്‌സ് അഭ്യര്‍ഥിച്ചു. യു.എ.ഇ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഭാഗികമായി അടച്ചതിനാല്‍ ദുബൈ ഇന്റര്‍നാഷണല്‍, ദുബൈ വേള്‍ഡ് സെന്‍ട്രല്‍ (അല്‍മക്തൂം ഇന്റര്‍നാഷണല്‍) എന്നിവിടങ്ങളിലെ ചില സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി ദുബൈ എയര്‍പോര്‍ട്ട്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നത് തുടരുന്നതിനാല്‍, ഈ സമയത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അല്‍മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പോകരുതെന്ന് ഞങ്ങള്‍ യാത്രക്കാരോട് അഭ്യര്‍ഥിക്കുന്നു. പ്രവര്‍ത്തന സുരക്ഷയുടെയും യാത്രക്കാരുടെ ക്ഷേമത്തിന്റെയും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ദുബൈ എയര്‍പോര്‍ട്ട്‌സ് പ്രസ്താവനയില്‍ പറഞ്ഞു. നിങ്ങളുടെ ക്ഷമയെയും ധാരണയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്ന് അധികൃതർ കൂട്ടിച്ചേര്‍ത്തു.
യു.എ.ഇ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചതിനാല്‍ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില വിമാന സര്‍വീസുകള്‍ക്ക് കാലതാമസം, വഴിതിരിച്ചുവിടല്‍, റദ്ദാക്കലുകള്‍ എന്നിവ നേരിടാമെന്ന് അബുദാബി എയര്‍പോര്‍ട്ട്‌സ് അറിയിച്ചു. ഞങ്ങളുടെ യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന. സാഹചര്യം കൈകാര്യം ചെയ്യാനും തടസ്സങ്ങള്‍ കുറക്കാനും എയര്‍ലൈനുകളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്ട്‌സ് കൂട്ടിച്ചേര്‍ത്തു. ഇന്ന് യാത്ര ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ എയര്‍ലൈനുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു. കൂടുതല്‍ അപ്ഡേറ്റുകള്‍ ലഭ്യമാകുന്ന മുറക്ക് പങ്കിടും. കൃത്യമായ വിവരങ്ങള്‍ക്ക് പൊതുജനങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളെ മാത്രമേ ആശ്രയിക്കാവൂവെന്ന് ഇവർ ഊന്നിപ്പറഞ്ഞു.
മേഖലയിലെ ഒന്നിലധികം പ്രാദേശിക വ്യോമാതിര്‍ത്തികള്‍ അടച്ചതിനാല്‍ ദുബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് യാത്രാ അപ്ഡേറ്റുകളും ഫ്‌ളൈറ്റ് സ്റ്റാറ്റസും പരിശോധിക്കാന്‍ വിമാന കമ്പനി യാത്രക്കാരോട് അഭ്യര്‍ഥിച്ചു.
സാഹചര്യം സജീവമായി നിരീക്ഷിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു. എന്തെങ്കിലും അസൗകര്യമുണ്ടായതില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നു. റീബുക്കിംഗ്, റീഫണ്ട്, ഇതര യാത്രാ ക്രമീകരണങ്ങള്‍ എന്നിവയില്‍ സഹായം നല്‍കും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയായി തുടരുന്നുവെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.



