- പരസ്പരം ആശ്ലേഷിച്ച് ഇരു നേതാക്കളും
കാഞ്ഞങ്ങാട്: സി.ഐ.സി, ഖാദി ഫൗണ്ടേഷൻ വിവാദങ്ങൾക്കിടെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേ വേദിയിൽ. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സുവർണ ജൂബിലി ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്ത് പരസ്പരം ആശ്ലേഷിച്ച് സ്‌നേഹ ഐക്യസന്ദേശം കൈമാറിയത്.
സമസ്തയും ലീഗും തമ്മിലുള്ള സ്‌നേഹത്തിൽ പ്രയാസപ്പെടുന്നത് ശത്രുക്കളാണെന്ന് ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും പാരമ്പര്യം കരുതലിന്റെയും സ്‌നേഹത്തിന്റേതുമാണ്. പൂർവികർ കാണിച്ചുതന്ന വഴിയിൽ ചേർന്നു നിൽക്കണം. ഇതിൽ ഛിദ്രതയുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ട്. ശത്രുക്കളുടെ പക്ഷം ചേരരുത്.
സമസ്തയ്ക്കു ഒരു കോട്ടമുണ്ടായാൽ ലീഗിനത് കണ്ണിലെ കരട് പോലെയാണ്. ലീഗിന് ഒരു പ്രശ്‌നമുണ്ടായാൽ അതിനെ അതീജീവിക്കാനാകട്ടെയെന്ന് സമസ്ത കണ്ണുനിറഞ്ഞ് ദൈവത്തോട് പ്രാർത്ഥിക്കും. അന്യോനമുള്ള ഈ കരുതൽ കേരളീയ സമൂഹത്തിനുണ്ടാക്കിയത് വലിയ നേട്ടങ്ങളാണ്. ഈ കൂട്ടായ്മ ശത്രുക്കൾക്ക് വലിയ വിഷമമുണ്ടാക്കും. അവരുടെ ശ്രമങ്ങൾക്ക് ചെവി കൊടുക്കാതിരിക്കണം. ആ ശത്രുക്കൾക്കൊപ്പം നിൽക്കരുതെന്ന് സ്‌നേഹത്തിന്റെ ഭാഷയിൽ വിശ്വാസസമൂഹത്തോട് പറയാനാകണം. പ്രതിസന്ധികളെ പരീക്ഷണങ്ങളായി കണ്ടാൽ മതിയെന്നും സമസ്തയും ലീഗും ഒറ്റക്കെട്ടാണെന്നും വിള്ളലുണ്ടാക്കാനാവില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്‌ലിം ലീഗും തമ്മിൽ ഭിന്നിപ്പുണ്ടെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അതു ചെകുത്താന്റെ പ്രവർത്തിയാണെന്നും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പഴയകാലം മുതൽ തന്നെ സമസ്തയും ലീഗും തമ്മിലുണ്ടായിരുന്ന സ്‌നേഹം തുടരുമെന്നും തങ്ങൾ പറഞ്ഞു.
ഈ കൂട്ടായ്മയുടെ കെട്ടുറുപ്പും സന്തോഷവും ഇല്ലാതാക്കാൻ ആരും പറയാത്ത കാര്യങ്ങൾ പടച്ചു വിടുകയാണ്. യോജിപ്പിൽ വിള്ളൽ വീഴാതിരിക്കാൻ കണ്ണിലെ കൃഷ്ണമണിപോലെ ഈ കെട്ടുറപ്പിനെ കാക്കണം. ഇല്ലാത്തകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർ ദൈവത്തോട് മറുപടി പറയേണ്ടി വരും. ഇതിനെ നശിപ്പിക്കാൻ ഒരു കാലത്തും ഒരു ശക്തിക്കും സാധ്യമല്ല. ഈ സ്‌നേഹവും സൗഹാർദ്ദവും ഒരു പോറലുമില്ലാതെ മുന്നോട്ടു പോകുമെന്നും ജിഫ്രി തങ്ങൾ ഓർമിപ്പിച്ചു. നിറഞ്ഞ സന്തോഷത്തോടെയാണ് ഇരു നേതാക്കളുടെയും പ്രസംഗങ്ങളെ സദസ്സ് സ്വീകരിച്ചത്.