അബുദാബി– അബുദാബിയിലുണ്ടായ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം പരവൂർ സ്വദേശി ബാബുരാജന്റെ (50) അവയവങ്ങൾ ഇനി വിവിധ രാജ്യക്കാരായ ആറ് പേരിലൂടെ ജീവിക്കും. ഡിസംബർ 16 ന് അദ്ദേഹം ജോലി ചെയ്തിരുന്ന ജ്വല്ലറിയിലേക്ക് പോകുന്നതിനിടെ അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള സിഗ്നലിൽ റോഡ് മുറിച്ചുകടക്കവെ ഇലക്ട്രിക് സ്കൂട്ടർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. ന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
ബാബുരാജന്റെ വിയോഗവാർത്തയ്ക്കിടയിലും അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കളും സുഹൃത്തുക്കളും സന്നദ്ധത അറിയിക്കുകയായിരുന്നു. തുടർന്ന് യുഎഇ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാ’മുമായി ഏകോപിപ്പിച്ച് കുടുംബം നടത്തിയ പ്രവർത്തനമാണ് അദ്ദേഹത്തിന്റെ ഹൃദയം, വൃക്കകൾ, പാൻക്രിയാസ്,കരൾ, ശ്വാസകോശം,ഷെൽസ് എന്നിവ ദാനം ചെയ്യാൻ വഴിയൊരുക്കിയത്.
കുമാരിയാണ് ബാബുരാജിൻ്റെ ഭാര്യ. പ്രീതി, കൃഷ്ണപ്രിയ എന്നിവർ മക്കളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.



