അൽ ഐൻ– സമൂഹമാധ്യമങ്ങൾ വഴി സ്ത്രീയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയോട് 10,000 ദിർഹം(2,2700 രൂപ) നഷ്ടപരിഹാരമായി നൽകാൻ അൽ ഐൻ കോടതിയുടെ ഉത്തരവ്. അൽ ഐൻ സിവിൽ, കൊമേഴ്ഷ്യൽ, അഡ്മിനിസ്‌ട്രേറ്റീവ് കേസുകൾക്കായുള്ള കോടതിയാണ് കേസിന്റെ വിധി പുറപ്പെടുവിച്ചത്.
സ്ത്രീയുടെ പരാതിയനുസരിച്ച്, പ്രതി സമൂഹമാധ്യമങ്ങളിലൂടെ അപമാനകരമായ ഭാഷ ഉപയോഗിച്ചെന്നും അവളുടെ മാന്യതയ്ക്കെതിരേ വിമർശനങ്ങൾ നടത്തിയെന്നും ആരോപണമുണ്ട്. ഈ കുറ്റം നേരത്തെ അൽഐൻ ഫാമിലി പ്രോസിക്യൂഷൻ അന്വേഷണത്തിലൂടെ തെളിയിച്ചിരുന്നു.
സ്ത്രീ ഈ പ്രവർത്തികളിലൂടെ തനിക്ക് സാമ്പത്തിക, മാനസിക, സാമൂഹിക നഷ്ടം സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി 50,000 ദിർഹവും 12 ശതമാനം പലിശയും, കൂടാതെ കോടതി ചെലവുകളും പ്രതിയിൽ നിന്നു പിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
കേസിന്റെ തെളിവുകളും, അപമാനം നേരിട്ടതിന്റെ രേഖകളും അടിസ്ഥാനമാക്കി, പ്രതി കുറ്റക്കാരനാണെന്ന് അൽഐൻ സിവിൽ, കൊമേഴ്ഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി വിധിച്ചു.