കുവൈത്ത് സിറ്റി – കുവൈത്തിലെ സ്വബാഹ് അല്‍സാലിം ഏരിയയില്‍ വീടിനുള്ളില്‍ അത്യാധുനിക രീതിയില്‍ മയക്കുമരുന്ന് കൃഷി നടത്തിയ ഒരാൾ അറസ്റ്റിൽ. ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂന്‍ വിഭാഗത്തില്‍ പെട്ടയാളാണ് അറസ്റ്റിലായത്. അര്‍ധരാത്രി നടത്തിയ നാടകീയമായ റെയ്ഡിലൂടെ സുരക്ഷാ വകുപ്പുകളാണ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങള്‍ നീണ്ട ഊര്‍ജിതമായ അന്വേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ ആണ് റെയ്ഡ് നടത്തിയത്. സാമൂഹിക സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന മയക്കുമരുന്ന് കടത്ത് സംഘങ്ങളെയും മയക്കുമരുന്ന് ഭീഷണിയും ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട് ദേശീയ വ്യാപകമായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന കാമ്പെയ്‌നിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.
സ്വബാഹ് അല്‍സാലിം ഏരിയയിലെ വീടിനു സമീപമുള്ള അസാധാരണവും സംശയകരവുമായ നീക്കങ്ങള്‍ ഡിറ്റക്ടീവ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഇവിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സംശയം ഉയര്‍ന്നു. മയക്കുമരുന്ന് കൃഷി ചെയ്യുന്നതായി ഉറപ്പുവരുത്തിയ ശേഷം ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നിയമാനുസൃത അനുമതികള്‍ നേടിയാണ് വിവിധ വകുപ്പുകള്‍ സഹകരിച്ച് റെയ്ഡ് നടത്തിയത്. അത്യാധുനിക ഇന്‍ഡോര്‍ മരിജുവാന കൃഷിയിടത്തില്‍, മയക്കുമരുന്ന് ചെടി വളര്‍ച്ച വേഗത്തിലാക്കാനുള്ള നൂതന ലൈറ്റിംഗ് സംവിധാനങ്ങള്‍, വെന്റിലേഷന്‍ യൂണിറ്റുകള്‍, താപനില നിയന്ത്രണ ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി. 27 മരിജുവാന ചെടികള്‍, വില്‍പനക്ക് തയാറാക്കിയ ഒരു കിലോ സംസ്‌കരിച്ച മരിജുവാന, 50 ഗ്രാം മരിജുവാന വിത്തുകള്‍, മയക്കുമരുന്ന് തൂക്കാനും പേക്ക് ചെയ്യാനും ഉപയോഗിക്കുന്ന രണ്ടു ഇലക്‌ട്രോണിക് തുലാസുകള്‍ എന്നിവ റെയ്ഡിനിടെ കണ്ടെത്തി. സ്വന്തം ഉപയോഗത്തിനും അനിധികൃത വില്‍പനക്കും വേണ്ടിയാണ് പ്രതി മയക്കുമരുന്ന് കൃഷി നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിയമ നടപടികള്‍ക്കായി പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.



