മസ്കത്ത് ∙ ജിസിസിയിലെ ഏറ്റവും തിരക്കുകുറഞ്ഞതും ഗതാഗതക്കുരുക്ക് കുറഞ്ഞതുമായ നഗരങ്ങളിൽ ഒന്നാമത് മസ്കത്ത്. നമ്പിയോ വെബ്സൈറ്റിന്റെ 2025 മിഡ്-ഇയർ ഗതാഗതക്കുരുക്ക് സൂചിക (ട്രാഫിക് കൺജസ്റ്റൻ ഇൻഡക്സ്) പ്രകാരമാണ് ഒമാനിലെ തലസ്ഥാന നഗരം ആദ്യ സ്ഥാനം നേടിയത്. 118.7 പോയിന്റ് സ്കോർ ചെയ്താണ് മസ്കത്ത് ജിസിസിയിലെ ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരമായി മാറിയത്.
ശരാശരി ദൈനംദിന യാത്രാസമയം, നിരാശയുടെ അളവ്, ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത, തിരക്ക് മൂലമുണ്ടാകുന്ന ഉദ്വമനം (എമിഷൻ) എന്നിവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. ആഗോളതലത്തിൽ 105-ാം സ്ഥാനത്താണ് മസ്കത്ത്. അതേസമയം, നൈജീരിയയിലെ ലാഗോസാണ് ആഗോളതലത്തിൽ ഏറ്റവും തിരക്കേറിയ നഗരം. മറ്റ് അറബ് നഗരങ്ങളെ അപേക്ഷിച്ച് മസ്കത്തിൽ ഗതാഗത പ്രവാഹത്തിന്റെ മികച്ച നിലവാരമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മസ്കത്തിൽ 92.19 ശതമാനം ആളുകളും ജോലിസ്ഥലത്തേക്കോ സ്കൂളിലേക്കോ പോകാൻ സ്വകാര്യ കാറുകൾ ഉപയോഗിക്കുന്നു. 7.81 ശതമാനം പേർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നു. ജോലിസ്ഥലത്തേക്കോ സ്കൂളിലേക്കോ യാത്ര ചെയ്യാൻ എടുക്കുന്ന ശരാശരി ദൂരം 23.39 കിലോമീറ്ററാണ്. ഏകദേശം 22.56 മിനിറ്റിനുള്ളിൽ ഇവിടെ എത്തിച്ചേരാനും കഴിയും.