മസ്‌കത്ത്– മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ കവർന്ന നാല് പ്രതികളെ പിടികൂടി റോയൽ ഒമാൻ പൊലീസ് (ആർഒപി). കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ജ്വല്ലറി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഒന്നര ലക്ഷം റിയാലിന്റെ സ്വർണവും പണവും മറ്റ് വസ്തുക്കളും കവർന്നത്. സംഭവത്തിൽ സമയോചിതമായി ഇടപ്പെട്ട പോലീസ് ഏഷ്യക്കാരായ നാല് പേരെ പിടികൂടുകയും ഇവരിൽ നിന്ന് മോഷണമുതൽ കണ്ടെടുക്കുകയും ചെയ്തു.
മസ്‌കത്ത്, വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്യേഷണമാണ് പ്രതികളിലേക്ക് പോലീസിന് പെട്ടെന്നെത്താൻ സഹായിച്ചത്. സംഭവസ്ഥലത്തു നിന്ന് ഫോറൻസിക് സംഘത്തിന് പ്രതികളുടെ വിരലടയാളങ്ങൾ ലഭിച്ചതും കേസിൽ നിർണായകമായി. മോഷ്ടിച്ച ലൈസൻസ് പ്ലേറ്റുള്ള വാഹനത്തിലാണ് പ്രതികൾ സഞ്ചരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളുടെ വിരലടയാളങ്ങളെ സാങ്കേതിക വിശകലനത്തിന് വിധേയമാക്കുകയും ഒരാളെ തിരിച്ചറിയുകയും ചെയ്തു. ഇതിനുപിന്നാലെ കൂട്ടുപ്രതികളെയും പിടികൂടുകയായിരുന്നു.