മസ്കത്ത്– ഒമാനിലെ നിംർ മേഘലയിൽ എണ്ണവാതക കമ്പനികൾ പ്രവർത്തിക്കുന്ന പ്രദേശത്ത് 25 എത്യോപ്യൻ സ്വദേശികൾ പിടിയിൽ. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവരാണ്. നിംർ പോലീസ് യൂണിറ്റിന്റെ പിടിയിലായത്. ഫോർ വീൽ വാഹനം പരിശോധിച്ചപ്പോഴാണ് 14 എത്യോപ്യൻ സ്വദേശികളെ കടത്താൻ ഒരാൾ ശ്രമിക്കുന്നതായി ശ്രദ്ധയിൽപെട്ടത്.
മറ്റൊരു പ്രദേശത്ത് നിന്ന് 11 എത്യോപ്യൻ സ്വദേശികളെ കൂടി നിംർ പോലീസ് യൂണിറ്റിലെ ഓയിൽ ആൻഡ് ഗ്യാസ് ഇൻസ്റ്റലേഷൻ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. മരുഭൂമിയിലൂടെ കാൽനടയായി സഞ്ചരിക്കുകയായിരുന്നു ഇവർ. ഏറെ ദൂരം താണ്ടി പരിക്ഷീണിതരായി മോശം ആരോഗ്യാവസ്ഥയിലുള്ളവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഇവർക്ക് ആവശ്യമായ വൈദ്യസഹായവും പോലീസ് നൽകി. പിടികൂടിയ മുഴുവൻ എത്യോപ്യൻ സ്വദേശികളെയും പോലീസ് മേലധികാരികൾക്ക് കൈമാറി. ഇക്കാര്യം ഒമാൻ പോലീസ് എക്സ് വഴിയാണ് പങ്കുവെച്ചത്
നേരത്തെ നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ തീരസുരക്ഷ പോലീസ് വിഭാഗം രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിവിധ ഏഷ്യൻ സ്വദേശികളെ പിടികൂടിയിരുന്നു. ഇറാനിൽ നിന്ന് മരിജുവാന കടത്താൻ ശ്രമിച്ച ഇറാൻ, അഫ്ഗാൻ, പാകിസ്താൻ സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. സഹാം വിലായത്തിലെ തീരപ്രദേശത്ത് നിന്ന് പിടികൂടിയ ഇവരെ മറ്റ് നിയമനടപടികൾക്കായി കൈമാറി.