മസ്കത്ത്– ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ പ്രമോഷണൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ച് ഒമാൻ. 25 ഒമാനി ടൂറിസം കമ്പനികളും 150 ലധികം ഇന്ത്യൻ കമ്പനികളുമാണ് ഇതിൽ പങ്കെടുത്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ആകർഷിക്കുക, ഒമാന്റെ തനതായ ടൂറിസം ഓഫറുകൾ ശ്രദ്ധയിൽപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.
വർക്ക്ഷോപ്പിൽ ഒമാനിലെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദർശിപ്പിച്ചു. സന്ദർശകരുടെ മാറുന്ന അഭിരുചികൾക്കും മുൻഗണനകൾക്കും അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഒമാൻ ചൂണ്ടികാണിച്ചു.
സുസ്ഥിര പങ്കാളിത്തം രൂപപ്പെടുത്തുന്നതിൽ ഇത്തരം വർക്ക്ഷോപ്പുകളും അന്താരാഷ്ട്ര പ്രമോഷനുകളും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ആഗോള ടൂറിസത്തിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കിടയിൽ വിവിധ വിപണികളെ മനസിലാക്കാൻ ഒമാനെ സഹായിക്കുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.