ദോഹ– ഖത്തർ ടൂറിസത്തിന് കീഴിലെ വിസിറ്റ് ഖത്തറും നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്ററും വിനോദ സഞ്ചാര രംഗത്ത് ഒന്നിക്കുന്നു. മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററുമായി (NMACC) ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പങ്കാളിത്തം വിസിറ്റ് ഖത്തര്‍ പ്രഖ്യാപിച്ചതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കലയും സംസ്കാരവും പൈതൃകവും അണിനിരത്തുന്ന ഈ സഹകരണം ഖത്തറും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക- ടൂറിസം ബന്ധം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കുള്ള പ്രധാന കേന്ദ്രമായി ഖത്തറിനെ മാറ്റാനുള്ള വിസിറ്റ് ഖത്തറിന്റെ പദ്ധതികളെ ശക്തിപ്പെടുത്തുന്നതാണ് സഹകരണം.
ഇന്ത്യയുടെയും ഖത്തറിൻറെയും കലയെയും വിനോദസഞ്ചാരത്തെയും പ്രശംസിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കലകളുടെ പ്രദർശന മേളയും എൻഎംഎസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടും. ഇന്ത്യൻ കരകൗശലത്തിലൂടെയും, തത്സമയ പ്രകടനങ്ങളിലൂടെയും ഈ സംരംഭം ഇരു രാജ്യങ്ങളുടെയും സംസ്കാരത്തെയും ഉയർത്തുകയും ഇന്ത്യൻ പ്രേക്ഷകരുടെ പ്രധാന സംഗമസ്ഥലമായി ഖത്തറിനെ പ്രതിഷ്ഠിക്കുകയും ചെയ്യും.
ഖത്തറിലേക്ക് ഉള്ള സന്ദർശകരിൽ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണ്. ഖത്തറിൻറെ വിനോദ സഞ്ചാര വിപണിയിലെ നയതന്ത്രപരമായ പങ്കാളി കൂടിയാണ് ഇന്ത്യ എന്ന് വിസിറ്റ് ഖത്തറിൻറെ സിഇഒ ആയ അബ്ദുൽ അസീസ് അൽ-മൗലവി പറഞ്ഞു. “നിത മുകേഷ് അംബാനി കൾച്ചറൽ സെൻറ്ററുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ, മികച്ചതും സമഗ്രവുമായ യാത്രാനുഭവം തേടുന്ന ഇന്ത്യൻ യാത്രക്കാർ മുൻഗണന നൽകുന്ന സ്ഥലമായി ഖത്തറിനെ മാറ്റിയെടുക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.” അദ്ദേഹം പറഞ്ഞു.
“വിസിറ്റ് ഖത്തറുമായി സഹകരിക്കുന്നതിലും ഇന്ത്യയുടെ നല്ല വശങ്ങൾ ലോകത്തിന് മുമ്പാകെ തുറന്ന് കാണിക്കുന്നതിലും, ഇന്ത്യയെ ലോകത്തിന് മുമ്പാകെ എത്തിക്കുന്നതിലും ഉള്ള ഞങ്ങളുടെ സ്ഥാപകയും അധ്യക്ഷയുമായ നിത അംബാനിയുടെ ദീർഘവീക്ഷണത്തിലും ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.” ജിയോ വേൾഡ് സെൻറർ സിഇഒ ആയ ദേവേന്ദ്ര ബർമ്മ അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങളുടെയും സംസ്കാര സമ്പന്നതയും, ആധുനികതയും, ആതിഥ്യവും പ്രകടിപ്പിക്കാൻ സാധിക്കുന്ന വിസിറ്റ് ഖത്തറിൻറെ വലിയ ഒരു പദ്ധതിയുടെ ഭാഗമാണ് ഈ സഹകരണം. വിവേകികളായ ഇന്ത്യൻ യാത്രക്കാർക്ക് മികച്ച അനുഭവങ്ങൾ നൽകാനായി ഖത്തർ ധാരാളം ടൂറിസം കാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്.