ജിദ്ദ – സൗദിയിൽ ക്രമസമാധാനം തകര്‍ക്കാവുന്നതും ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം വരുത്തുന്ന വിവരങ്ങളും സമൂഹത്തില്‍ ഭിന്നത വിതക്കുന്ന ഉള്ളടക്കങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഒമ്പതു പേര്‍ക്ക് പിഴ ചുമത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു.
ഇത്തരം നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന ബന്ധപ്പെട്ട സമിതികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇലക്‌ട്രോണിക് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് നിയമാവലിയുടെ ആര്‍ട്ടിക്കിള്‍ 15 ലംഘിച്ച് നിയമ വിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചത്. നിയമ വിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ച അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനും നിയമ ലംഘകരെ നിര്‍ബന്ധിച്ചിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.
നിയമങ്ങള്‍ ലംഘിക്കുന്ന ഒരു മാധ്യമ ഉള്ളടക്കവും അനുവദിക്കില്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ വ്യക്തമാക്കി. അംഗീകൃത മാധ്യമ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അതോറിറ്റി പറഞ്ഞു.



