ജിദ്ദ – സൗദി വിപണിയില്‍ പുതിയ ഇനം പെട്രോള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതായി ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ അറിയിച്ചു. പ്രാദേശിക വിപണി ആവശ്യകതകളെ കുറിച്ച് ഊര്‍ജ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒക്‌ടേയ്ന്‍ 98 ഇനത്തില്‍ പെട്ട പെട്രോള്‍ പുറത്തിറക്കുന്നതെന്ന് സൗദി അറാംകോ അറിയിച്ചു. വിപണിയില്‍ നിലവിലുള്ള ഉല്‍പ്പന്നങ്ങളെ ബാധിക്കാത്ത നിലക്ക് ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം ഇന്ധന ഓപ്ഷനുകള്‍ നല്‍കാനും ഉല്‍പ്പന്ന ശ്രേണി വൈവിധ്യവല്‍ക്കരിക്കാനുമാണ് പുതിയ ഇനം പെട്രോള്‍ പുറത്തിറക്കുന്നത്.
പുതിയ പെട്രോള്‍ ഈ മാസം തന്നെ വിപണിയില്‍ ലഭ്യമാകും. ആദ്യ ഘട്ടമെന്ന നിലയില്‍, റിയാദ്, ജിദ്ദ, ദമാം മെട്രോപൊളിറ്റന്‍ ഏരിയ, അവയെ ബന്ധിപ്പിക്കുന്ന റോഡുകള്‍ എന്നിവിടങ്ങളില്‍ പുതിയ പെട്രോള്‍ പുറത്തിറക്കും. കാരണം ഈയിനം ഇന്ധനം ആവശ്യമുള്ള മിക്ക വാഹനങ്ങളും ഈ നഗരങ്ങളിലാണുള്ളത്. ഡിമാന്‍ഡ് ലെവലുകള്‍ അവലോകനം ചെയ്ത ശേഷം കൂടുതല്‍ നഗരങ്ങളിലും പ്രദേശങ്ങളിലും പുതിയ ഇനം പെട്രോള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തും.


ഉയര്‍ന്ന ഒക്‌ടേയ്ന്‍ ആവശ്യമുള്ള സ്‌പോര്‍ട്‌സ് കാറുകളും ഉയര്‍ന്ന പ്രകടനമുള്ള എന്‍ജിനുകളും ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പുതിയ ഉല്‍പ്പന്നം നിറവേറ്റുന്നുവെന്ന് കമ്പനി വ്യക്തമാക്കി. പ്രാദേശിക വിപണിയില്‍ പുതിയ ഉല്‍പ്പന്നം പുറത്തിറങ്ങുന്നതിനോടനുബന്ധിച്ച്, ഒക്‌ടേയ്ന്‍-98 പെട്രോളിന്റെ വില സൗദി അറാംകൊ വെബ്സൈറ്റില്‍ ലഭ്യമാകും. ഊര്‍ജ, ജല ഉല്‍പ്പന്ന വിലകളിലെ ഭേദഗതികള്‍ നിയന്ത്രിക്കുന്ന നടപടിക്രമങ്ങള്‍ക്കനുസൃതമായി ഒക്‌ടേയ്ന്‍-98 പെട്രോളിന്റെ വിലയും ഇടയ്ക്കിടെ പുനഃപരിശോധിക്കുമെന്ന് സൗദി അറാംകൊ അറിയിച്ചു. പച്ച നിറത്തിലുള്ള ഒക്‌ടേയ്ന്‍-91, ചുവപ്പ് നിറത്തിലുള്ള ഒക്‌ടേയ്ന്‍-95 എന്നിങ്ങിനെ രണ്ടിനം പെട്രോളുകളാണ് നിലവില്‍ സൗദി വിപണിയിലുള്ളത്. ഒക്‌ടേയ്ന്‍-98 പെട്രോളിന്റെ നിറം നീലയാകുമെന്നാണ് വിവരം.



