ദമാം: ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തെയും ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളെയും ബന്ധിപ്പിച്ച് മിലാഹ കമ്പനിയുടെ പുതിയ മിക്‌സ് (മിലാഹ ഇന്ത്യ ഗൾഫ് എക്‌സ്പ്രസ്) ഷിപ്പിംഗ് സർവീസ് ആരംഭിക്കുന്നതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു.
വിശ്വസനീയവും കാര്യക്ഷമവുമായ പ്രവർത്തനങ്ങളും സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷവും അടിസ്ഥാനമാക്കി ദമാം തുറമുഖത്തേക്കുള്ള ഇറക്കുമതിയും ദമാമിൽ നിന്നുള്ള കയറ്റുമതിയും പുതിയ സർവീസ് വർധിപ്പിക്കും. ദമാം തുറമുഖത്തെ ഇന്ത്യയിലെ മുന്ദ്ര, മുംബൈയിലെ ഞാവ ഷേവ (ജവഹർലാൽ നെഹ്രു), ഒമാനിലെ സൊഹാർ, യു.എ.ഇയിലെ ജബൽ അലി, ഖത്തറിലെ ഹമദ് തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് സർവീസിന് 2,177 കണ്ടെയ്‌നർ ശേഷിയുള്ള ചരക്കു കപ്പലാണ് ഉപയോഗിക്കുന്നത്.
സമുദ്ര കണക്റ്റിവിറ്റി സൂചികയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനും ദമാം തുറമുഖത്തിന്റെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും പ്രാദേശിക, ആഗോള വിപണികളിലേക്കുള്ള സൗദി അറേബ്യയുടെ കണക്റ്റിവിറ്റി വർധിപ്പിക്കാനും അതുവഴി ആഭ്യന്തര ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങളെ പിന്തുണക്കാനുമുള്ള സൗദി പോർട്ട്‌സ് അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ദമാം തുറമുഖത്തേക്ക് പുതിയ ഷിപ്പിംഗ് സർവീസ് ആരംഭിക്കുന്നത്. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രവും ആഗോള ലോജിസ്റ്റിക് കേന്ദ്രവുമായി സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കാൻ ശ്രമിക്കുന്ന ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തിന്റെ ലക്ഷ്യങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു.
പ്രമുഖ അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനുകളുമായി സൗദി പോർട്ട്‌സ് അതോറിറ്റി സ്ഥാപിച്ച പങ്കാളിത്തം രാജ്യത്തിന്റെ തുറമുഖങ്ങളുടെ വികസനം വർധിപ്പിക്കാനും അവയുടെ മത്സരശേഷിയെ പിന്തുണക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സമുദ്ര ഗതാഗത മാർഗങ്ങൾ വികസിപ്പിക്കാനും പ്രവർത്തന, ലോജിസ്റ്റിക്‌സ് സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു.