റിയാദ്– കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. 2024 ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 1,31,691 യാത്രക്കാരെന്ന മുൻ റെക്കോർഡ് മറികടന്ന് 1,42,538 യാത്രക്കാരോടെ 2025 ജൂലൈ 31ന് പുതിയ റെക്കോർഡ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം എട്ടു ശതമാനമാണ് വർധിച്ചത്.
കഴിഞ്ഞ വർഷങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലെ തുടർച്ചയായ വളർച്ചയുടെ ഭാഗമാണ് പുതിയ നേട്ടം. 2024 ജൂലൈ 25ന് 1,25,000 യാത്രക്കാരും 2024 ഫെബ്രുവരി 29ന് 1,16,000 യാത്രക്കാരും 2023 ആഗസ്ത് ഒന്നിന് 1,09,000 യാത്രക്കാരുമായിരുന്നു റിയാദ് എയർപോർട്ടിലെ മുൻ റെക്കോർഡുകൾ. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ റിയാദ് എയർപോർട്ടിൽ യാത്രക്കാരുടെ ആകെ എണ്ണം 39 ലക്ഷമായി.
ജൂലൈയിൽ റിയാദ് വിമാനത്താവളത്തിൽ വിമാന സർവീസുകളും പുതിയ റെക്കോർഡ് സ്ഥാപിച്ചു. കഴിഞ്ഞ മാസം 26,000 ലേറെ വിമാന സർവീസുകൾ നടന്നു. ഇതും പുതിയ റെക്കോർഡ് ആണ്. റിയാദിൽ നിന്ന് സർവീസുകളുള്ള ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 121 ആയി ഉയർന്നു. കിംഗ് ഖാലിദ് വിമാനത്താവളത്തിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വിമാനക്കമ്പനികളുടെ എണ്ണം 63 ആയി ഉയർന്നു.