ജിദ്ദ: ഹജ്ജ തീർത്ഥാടകർക്കും ഹജ്ജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഹജ്ജ് സീസണിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും ജോലി ചെയ്യുന്നവർക്കും പെർമിറ്റ് നൽകുന്ന പുതിയ പ്ലാറ്റ്‌ഫോം സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു.
ഹജ്ജ് പെർമിറ്റുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് തസ്‌രീഹ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ആഭ്യന്തര, വിദേശ തീർത്ഥാടകർക്ക് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് പ്ലാറ്റ്‌ഫോമുമായുള്ള സാങ്കേതിക സംയോജനത്തിലൂടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ തസ്‌രീഹ് പ്ലാറ്റ്‌ഫോം ലൈസൻസുകളും പെർമിറ്റുകളും നൽകുന്നു.
ഹജ്ജ് മേഖലാ തൊഴിലാളികളെയും വളണ്ടിയർമാരെയും അവരെ കൊണ്ടുപോകുന്ന വാഹനങ്ങളെയും മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാൻ തസ്‌രീഹ് പ്ലാറ്റ്‌ഫോം അനുവദിക്കുന്നു. സമഗ്രമായ ദേശീയ ആപ്ലിക്കേഷനായ തവക്കൽനാ വഴി പെർമിറ്റുകൾ എളുപ്പത്തിൽ പരിശോധിക്കാനും സാധിക്കും.
തീർത്ഥാടകരെ സേവിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ സർക്കാർ ഏജൻസികളുമായുമുള്ള പങ്കാളിത്തത്തോടെ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി വികസിപ്പിച്ച തസ്‌രീഹ് പ്ലാറ്റ്‌ഫോം, ഹജ്ജുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും സേവന ഏജൻസികളും തമ്മിലുള്ള സാങ്കേതിക സംയോജനം വർധിപ്പിക്കുകയും ഹജ്ജ് സീസണിലെ നടപടിക്രമങ്ങൾ ഏകീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.
കർമങ്ങൾ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിർവഹിക്കാൻ തീർത്ഥാടകരെ പ്രാപ്തരാക്കാനായി ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകാനും വിഷൻ 2030 പ്രോഗ്രാമുകളിലൊന്നായ പിൽഗ്രിംസ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും പ്ലാറ്റ്‌ഫോം ഹായിക്കുന്നു.
ഹജ്ജ് പെർമിറ്റുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ തസ്‌രീഹ് പ്ലാറ്റ്‌ഫോം മക്കയുടെ പ്രവേശന കവാടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ വകുപ്പുകളെ മൈദാൻ ആപ്പ് വഴി പെർമിറ്റുകൾ ഓട്ടോമാറ്റിക് ആയി റീഡ് ചെയ്യാനും പരിശോധിക്കാനും പ്രാപ്തമാക്കുന്നു. ഇത് ആധുനിക സാങ്കേതിക പരിഹാരങ്ങൾക്കുള്ള നൂതന മാതൃകയാണ്. ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള സംയോജനത്തോടെ ലൈസൻസുകളും പെർമിറ്റുകളും വഴക്കത്തോടെയും വേഗതയിലും നൽകുന്ന കാര്യത്തിലുള്ള പുതിയ കുതിച്ചുചാട്ടമാണ് തഹ്‌രീഹ് പ്ലാറ്റ്‌ഫോം എന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.