വാഷിംഗ്ടൺ– ഖത്തറിനെതിരെ നടന്ന ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്ഷമാപണം നടത്തി. ഈ മാസം ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലും ഒരു സൈനികന്റെ മരണത്തിലുമാണ് നെതന്യാഹു ഖേദം രേഖപ്പെടുത്തിയത്. വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഖത്തർ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. ഇസ്രായേൽ മാപ്പ് പറയാതെ ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഈ മാസം ആദ്യം ദോഹയിൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ-ഹയ്യയുടെ മകനും സഹായി ജിഹാദ് ലബാദും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഖത്തർ മുന്നോട്ടുവെച്ച പ്രധാന വ്യവസ്ഥയായിരുന്നു ഇസ്രായേലിന്റെ ഔപചാരിക ക്ഷമാപണം. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ നടന്ന ഈ ഖേദപ്രകടനം, ഹമാസുമായുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയേക്കുമെന്നാണ് വിലയിരുത്തൽ.