ജിസാൻ– ആലപ്പുഴ ചെങ്ങന്നൂർ എണ്ണയ്ക്കാട് പെരിങ്ങൽപുരം രേവതിയിൽ മുരളീധരൻ (61) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. ജിസാൻ ഫിഷ് മാർക്കറ്റിനു സമീപമുള്ള താമസസ്ഥലത്ത് വെച്ച് ഇന്നലെ രാത്രി 12 മണിയോടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ഉടൻ തന്നെ ജിസാൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഒരാഴ്ച്ച മുമ്പ് ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിദഗ്‌ധ ചികിത്സയ്ക്കായി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പോകാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. റിയാദ് ആസ്ഥാനമായ അൽദുമൈഖി ഫിഷറീസ് കമ്പനിയുടെ ജിസാൻ ശാഖയിലെ ജീവനക്കാരനായിരുന്നു.
30 വർഷമായി ജിസാനിൽ ജോലിചെയ്യുന്ന മുരളീധരൻ കഴിഞ്ഞ ആറു വർഷമായി നാട്ടിൽ പോയിട്ടില്ല. മുരളീധരൻറെ ആകസ്‌മിക വിയോഗം ജിസാൻ ഫിഷ് മാർക്കറ്റിലെ സഹപ്രവർത്തകരെയും മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻറെ (ജല) യൂണിറ്റ് ഭാരവാഹിയായിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ജല ജനറൽ സെക്രട്ടറി സലാം കൂട്ടായി, യൂണിറ്റ് ഭാരവാഹികളായ ഗഫൂർ പൊന്നാനി, സമീർ പരപ്പനങ്ങാടി, ജമാൽ കടലുണ്ടി എന്നിവരുടെ നേതൃത്വത്തിൽ, ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചു. മുരളീധരൻറെ വിയോഗത്തിൽ ജല ഫിഷ്‌മാർക്കറ്റ് യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.
എണ്ണയ്ക്കാട്ട് കൊച്ചുപുരയിൽ ശ്രീധരൻറെയും സരോജിനിയുടെയും മകനാണ് മുരളീധരൻ. അജി മുരളിയാണ് ഭാര്യ. മൂത്ത മകൻ അമൽ മുരളി ബഹ്‌റൈനിൽ ജോലിചെയ്യുന്നു. മറ്റു മക്കൾ: അമൃത് മുരളി, അമർ മുരളി



