ജിദ്ദ: സൗദിയിൽ അടുത്ത വർഷാദ്യം മുതൽ പാഴ്‌സൽ ഡെലിവറിക്ക് നാഷണൽ അഡ്രസ് നിർബന്ധമാക്കാൻ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി തീരുമാനിച്ചു. മുഴുവൻ പാഴ്‌സൽ ഡെലിവറി കമ്പനികളും നാഷണൽ അഡ്രസ് ഉൾപ്പെടുത്താത്ത കൊറിയറുകൾ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുതെന്ന വ്യവസ്ഥ 2026 ജനുവരി ഒന്നു മുതൽ നടപ്പാക്കി തുടങ്ങുമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി.
കൊറിയർ, പാഴ്‌സൽ ഡെലിവറി കാര്യക്ഷമത വർധിപ്പിക്കാനും ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, ഡെലിവറി പ്രക്രിയകൾ വേഗത്തിലാക്കുക, ഡെലിവറി ജീവനക്കാരും സ്വീകർത്താക്കളും തമ്മിലുള്ള അനാവശ്യ സമ്പർക്കം കുറക്കുക, പാഴ്‌സൽ ഡെലിവറി കമ്പനികളുടെ പ്രവർത്തന പ്രക്രിയകളിൽ കൃത്യതയുടെയും കാര്യക്ഷമതയുടെയും ഉയർന്ന നിലവാരം കൈവരിക്കുന്നതിന് സഹായിക്കുക എന്നിവ ലക്ഷ്യമിടുന്ന തന്ത്രപരമായ ചുവടുവെപ്പിന്റെ ഭാഗമായാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ, തവക്കൽനാ, സിഹതീ, സുബുൽ (സൗദി പോസ്റ്റ്) എന്നീ നാലു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ എല്ലാവർക്കും തങ്ങളുടെ ദേശീയ വിലാസം കണ്ടെത്താൻ കഴിയും. ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പിന്തുണയുടെയും, പാഴ്‌സൽ മേഖല വികസിപ്പിക്കാനും സുസ്ഥിരത വർധിപ്പിക്കാനും ഈ മേഖലയിലെ പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാനുമുള്ള പ്രതിബദ്ധതയുടെയും ഭാഗമായാണ് അതോറിറ്റിയുടെ പുതിയ തീരുമാനം.
കഴിഞ്ഞ റമദാനിൽ സൗദിയിൽ ലൈസൻസുള്ള കമ്പനികൾ 2.6 കോടിയിലേറെ പാഴ്‌സലുകളും കൊറിയറുകളും വിതരണം ചെയ്തതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം കൂടുതലാണിത്. സൗദിയിൽ പാഴ്‌സൽ മേഖല സാക്ഷ്യംവഹിക്കുന്ന ദ്രുതഗതിയിലുള്ള വളർച്ചയെ ഇത് പ്രതിഫലിപ്പിക്കുന്നു.