മനാമ– വിശുദ്ധ ഖുർആൻ പാരായണ-അധ്യാപക പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മൂന്നാമത് ‘മുതൂൻ’ മത്സരത്തിലെ വിജയികളെ ആദരിച്ചു. ഖുർആൻ ശാസ്ത്രം, തജ്‌വീദ്, ഖിറാഅത്ത് എന്നീ മേഖലകളിലെ ക്ലാസിക്കൽ പാഠ്യഗ്രന്ഥങ്ങളുടെമനഃപാഠവും അവയിലുള്ള അറിവും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾക്കാണ് അവാർഡുകൾ സമ്മാനിച്ചത്. സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ജനറലും ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് യാസർ ഇബ്രാഹിം അൽ ജലാഹ്മ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഖുർആൻ പഠനശാഖയിലെ ആധികാരിക ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ഏഴ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കാണ് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
അൽ ഷാതിബിയ്യ, അൽ ജസരിയ്യ, അൽ അജുറുമിയ്യ, തുഹ്ഫത്തുൽ അത്ഫാൽ, അൽ ഖാഖാനിയ്യ തുടങ്ങിയ ഖുർആൻ വിജ്ഞാനീയങ്ങളിലെ പ്രശസ്ത ഗ്രന്ഥങ്ങളെ മുൻനിർത്തിയായിരുന്നു മൂല്യനിർണ്ണയം. ഖുർആൻ അധ്യാപകരെ വാർത്തെടുക്കുന്നതിനും തജ്‌വീദ് നിയമങ്ങളിൽ കൃത്യമായ ധാരണയുണ്ടാക്കുന്നതിനും ഇത്തരം മത്സരങ്ങൾ വലിയ മുതൽക്കൂട്ടാണെന്ന് ശൈഖ് യാസർ അൽ ജലാഹ്മ അഭിപ്രായപ്പെട്ടു. നിരവധി പണ്ഡിതന്മാരും ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



