റിയാദ്– കെഎംസിസി ഗ്രാന്റ് ഹൈപ്പര്‍ അല്‍റയാന്‍ പോളി ക്ലിനിക്ക് സൂപ്പര്‍ കപ്പിന്റെ കലാശപോരാട്ടം വെള്ളിയാഴ്ച നടക്കും. ദീറാബ് ദുര്‍റത്ത് അല്‍ മല്‍അബ് സ്റ്റേഡിയത്തില്‍ വൈകുന്നേരം ആറു മണിക്ക് മത്സര ചടങ്ങുകളില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അടക്കമുള്ള നേതാക്കള്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസമായി നടന്നു വരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനാണ് വെള്ളിയാഴ്ച തിരശീല വീഴുന്നത്. ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറും അറബ് ഡ്രീമ്‌സ് ബ്ലാക് ആന്റ് വൈറ്റ് സഫമക്ക റയിന്‍മ്പോയും തമ്മിലാണ് സൂപ്പര്‍ കപ്പ് ഫൈനലില്‍ മാറ്റുരക്കുന്നത്. കെഎംസിസി കപ്പ് ഫൈനലില്‍ പാരജോണ്‍ കോഴിക്കോട് ജില്ല കെഎംസിസി പാലക്കാട് ജില്ല കെഎംസിസിയെ നേരിടും.
റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ ഫസ്റ്റ് ഡിവിഷന്‍ കളിക്കുന്ന എട്ട് ക്ലബ്ബുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിനോടൊപ്പം കെഎംസിസിയുടെ എട്ട് ജില്ലാ കമ്മിറ്റികള്‍ പങ്കെടുത്ത ടൂര്‍ണമെന്റുമാണ് വലിയ ആവേശത്തോടെ നടന്നത്. ഇന്ത്യന്‍ ദേശീയ താരങ്ങള്‍ ഉള്‍പ്പടെ ഐ ലീഗ്, സന്തോഷ് ട്രോഫി തുടങ്ങി ഇന്ത്യയിലെ വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി ജഴ്‌സിയണിഞ്ഞ രണ്ട് ഡസനിലധികം താരങ്ങളാണ് വിവിധ
ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞത്.
ഖത്തര്‍, യു എ ഇ, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി കളിക്കാര്‍ ഉൾപ്പെടെ നാനൂറിലധികം കളിക്കാരാണ് കഴിഞ്ഞ രണ്ട് മാസം നീണ്ടുന്ന ടൂര്‍ണമെന്റില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയത്. സംഘാടനം കൊണ്ടും ജനബാഹുല്യം കൊണ്ടും സൗദി തലസ്ഥാന നഗരം കണ്ട ഏറ്റവും മികച്ച ടൂര്‍ണമെന്റിനാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വം നല്‍കിയത്.
വെള്ളിയാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സംബന്ധിക്കുവാന്‍ പി എം എ സലാമിന് പുറമെ മുസ്ലിം ലീഗ് രാജ്യസഭാ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാന്‍ എംപി, ചന്ദ്രിക പത്രാധിപരും ഇന്റര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുമായ കമാല്‍ വരദൂര്‍, ദുബൈ കെഎംസിസി പ്രസിഡന്റും ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടറുമായ ഡോ. അന്‍വര്‍ അമീന്‍, അല്‍ റയാന്‍ പോളിക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ വി പി മുഹമ്മദ് അലി, ദളിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. പി. ബാബു, കെ എം സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ചെയര്‍മാന്‍ കാദര്‍ ചെങ്കള തുടങ്ങി സാമൂഹ്യ സാംസ്‌കാരിക ബിസിനസ് രംഗത്തെ പ്രമുഖരും സംബന്ധിക്കും.
വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ശീതീകരിച്ച പവലിയന്‍ ഉള്‍പ്പെടെ കലാശപ്പോരാട്ടത്തിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഫുട്‌ബോള്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ശുഐബ് പനങ്ങാങ്ങര, ചീഫ് കോ ഓഡിനേറ്റര്‍ മുജീബ് ഉപ്പട, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു എന്നിവര്‍ അറിയിച്ചു