ജിദ്ദ – സെക്കണ്ടറി സ്‌കൂളില്‍ മൂന്നാം വര്‍ഷത്തില്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി പാഠ്യപദ്ധതി ഉള്‍പ്പെടുത്തുന്നത് ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതില്‍ ഗുണപരമായ ചുവടുവെപ്പാണെന്ന് സൗദി മന്ത്രാലയം. വിനോദസഞ്ചാര മേഖലയിലെ അവസരങ്ങളെ കുറിച്ചുള്ള വിദ്യാര്‍ഥികളുടെ അവബോധം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു.
ടൂറിസം അവബോധ സംരംഭങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയവുമായും നാഷണല്‍ കരിക്കുലം സെന്ററുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ടൂറിസം മേഖലയെ കുറിച്ച് അവബോധമുള്ള തലമുറയെ കെട്ടിപ്പടുക്കുന്നതില്‍ ടൂറിസം മന്ത്രാലയം വിശ്വസിക്കുന്നതായി മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍റസാസ്മ പറഞ്ഞു. ഇത് ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കാനും രാജ്യത്തിന്റെ ടൂറിസത്തിലും പൈതൃക ആസ്തികളിലും വിദ്യാര്‍ഥികളുടെ അഭിമാനബോധം വര്‍ധിപ്പിക്കാനും സഹായിക്കും.
ടൂറിസം മന്ത്രാലയത്തിന്റെ സവിശേഷമായ സംരംഭങ്ങളിലൊന്നാണ് ടൂറിസം, ഹോസ്പിറ്റാലിറ്റി പാഠ്യപദ്ധതി. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ടൂറിസം മേഖലയെയും അതിന്റെ ഭാവി അവസരങ്ങളെയും കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുക, രാജ്യത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ചുള്ള പ്രൊഫഷണല്‍ അവബോധം വളര്‍ത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ ആശയങ്ങളെ കുറിച്ചും അവയുടെ സാമ്പത്തിക പ്രാധാന്യത്തെ കുറിച്ചും വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുക, രാജ്യത്തിന്റെ വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ ടൂറിസം മേഖലയുടെ പങ്കിനെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ അവരെ പ്രാപ്തരാക്കുക, ടൂറിസം മേഖലയെ കുറിച്ച് പോസിറ്റീവ് പ്രൊഫഷണല്‍ മനോഭാവങ്ങള്‍ വളര്‍ത്തിയെടുക്കുകയും മേഖലയിലെ വൈവിധ്യമാര്‍ന്ന തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്നും ടൂറിസം മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍റസാസ്മ പറഞ്ഞു.
മൂന്നാം വര്‍ഷ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഓപ്ഷണല്‍ സ്ട്രീമില്‍ ഈ പാഠ്യപദ്ധതി വാഗ്ദാനം ചെയ്യും. ദേശീയ, ആഗോള സമ്പദ്വ്യവസ്ഥയില്‍ സുപ്രധാനവും തന്ത്രപരവുമായ മേഖല എന്ന നിലയില്‍ ടൂറിസത്തിന്റെയും ഹോസ്പിറ്റാലിറ്റിയുടെയും പ്രാധാന്യം പ്രതിഫലിപ്പിക്കാനായി, അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികള്‍ക്കനുസൃതമായി സൃഷ്ടിപരവും നൂതനവുമായ രീതിയിലാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഗുണനിലവാരവും അന്താരാഷ്ട്ര വിദ്യാഭ്യാസ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടലും ഉറപ്പാക്കാന്‍ യുനെസ്‌കോ റീജിയണല്‍ സെന്റര്‍ ഫോര്‍ ക്വാളിറ്റി ആന്റ് എക്‌സലന്‍സ് ഇന്‍ എഡ്യൂക്കേഷന്‍ പാഠ്യപദ്ധതിയെ പിയര്‍-റിവ്യൂ ചെയ്തിട്ടുണ്ട്. സൗദിയുടെ ടൂറിസം ഭാവിയെ നയിക്കാന്‍ പ്രാപ്തിയുള്ള യോഗ്യരായ ദേശീയ പ്രതിഭകളുടെ തലമുറയെ തയാറാക്കാനുള്ള സുപ്രധാന ചുവടുവെപ്പ് എന്നോണം 2025-2026 അധ്യയന വര്‍ഷം മുതല്‍ പാഠ്യപദ്ധതി നടപ്പാക്കാനാണ് തീരുമാനം