ദോഹ– മതിയായ വിദഗ ഡോക്ടർമാരുടെ സേവനമില്ല എന്നു ചൂണ്ടിക്കാട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഒരു സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നതിന് ആവശ്യമായ വിദഗ്ധ ഡോക്ടർമാരെ നിയോഗിക്കാത്തതും, ഖത്തറിലെ ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്ന കർശനമായ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അടച്ചുപൂട്ടലിന് കാരണം. ആവശ്യമായ വൈദ്യശാസ്ത്ര വിദഗ്ധരുടെ അഭാവം രോഗികളുടെ സുരക്ഷയും ചികിത്സാ ഗുണനിലവാരവും ഉറപ്പാക്കുന്നതിന് തടസ്സമായതായി മന്ത്രാലയം വ്യക്തമാക്കി.
മറ്റൊരു സംഭവത്തിൽ, ഒരു സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ പ്രസവ-സ്ത്രീരോഗ വിഭാഗം താൽക്കാലികമായി അടച്ചുപൂട്ടുകയും, അവിടെ ജോലി ചെയ്തിരുന്ന ഒരു ആരോഗ്യ പ്രവർത്തകന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഇദ്ദേഹം തന്റെ പ്രൊഫഷണൽ ലൈസൻസിന്റെ പരിധിക്കപ്പുറം പ്രവർത്തിച്ചതാണ് ഈ നടപടിക്ക് കാരണമായത്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനം.
ഈ നടപടികൾ മന്ത്രാലയത്തിന്റെ തുടർച്ചയായ നിരീക്ഷണത്തിന്റെയും പരിശോധനാ പ്രവർത്തനങ്ങളുടെയും ഭാഗമാണ്. ആരോഗ്യ സ്ഥാപനങ്ങൾ രോഗികൾക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നുണ്ടെന്നും, ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഈ പരിശോധനകൾ ലക്ഷ്യമിടുന്നു. ഖത്തറിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കുകയും, രോഗികളുടെ സുരക്ഷയ്ക്കും ചികിത്സാ ഗുണനിലവാരത്തിനും വേണ്ടി എല്ലാ നിയന്ത്രണ വ്യവസ്ഥകളും നിറവേറ്റണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.