മസ്കത്ത്– സകാത്തിന് അർഹരായ രോഗികൾക്ക് ഒരു മില്യൺ ഒമാൻ റിയാൽ അനുവദിക്കാൻ ഉത്തരവിട്ട് സുൽത്താൻ ഹൈതം ബിൻ താരിഖ്. സ്വകാര്യ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലെ നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്നതിനും സാമൂഹിക ഐക്യദാർഢ്യവും അനുകമ്പയും പ്രോത്സാഹിപ്പിക്കുന്നതിനുമായി “അത്തർ” ഹെൽത്ത് എൻഡോവ്‌മെന്റ് ഫൗണ്ടേഷന് 1 ദശലക്ഷം റിയാൽ അനുവദിക്കാനാണ് ഉത്തരവ്. സമൂഹ ക്ഷേമം പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുക തുടങ്ങിയവയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.
രാജ്യത്തെ ആവശ്യക്കാരായ പൗരന്മാരോടുള്ള രാജാവിന്റെ കരുതലാണ് ഈ തീരുമാനം എടുത്തു കാണിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി പറഞ്ഞു. സകാത്തിന് അർഹരായ രോഗികൾക്ക് ചികിത്സ ലഭിക്കാൻ ഇത് സഹായിക്കുമെന്നും ഇത് അവർക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിതനിലവാരം മെച്ചപ്പെടുത്തുക, ആരോഗ്യ സംരക്ഷണ വിടവുകൾ കുറയ്ക്കുക, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് മെഡിക്കൽ സേവനങ്ങളിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.