ജിദ്ദ: കഴിഞ്ഞ ശനിയാഴ്ച രാത്രി ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ സൈനിക തിരിച്ചടി മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുമ്പോൾ ഊർജ സുരക്ഷയും എണ്ണ വിപണിയിലെ അസ്ഥിരതയും ലോകത്തിലെ എല്ലാ രാജ്യങ്ങളെയും നേരിട്ട് ബാധിക്കുന്ന വിഷയമാവുമെന്ന ആശങ്കയും ഉയരുകയാണ്. ഇറാൻ – ഇസ്രായിൽ പോരിലൂടെ കനൽ അണയാതെ നിൽക്കുന്ന മധ്യപൗരസ്ത്യ ദേശത്തെ സംഘർഷം ഊർജ സുരക്ഷയുടെ പ്രാധാന്യം ലോകത്തെ പുതുതായി ഓർമ്മപ്പെടുത്തുകയാണെന്ന് ഇൻ്റർനാഷണൽ എനർജി ഏജൻസി കേന്ദങ്ങൾ തിങ്കളാഴ്ച ചൂണ്ടിക്കാട്ടി.
ഇസ്രായേലിന് മേൽ ഇറാൻ നടത്തിയ ആക്രമണത്തിന് മുമ്പുതന്നെ ആഗോള എണ്ണ വിപണികളിൽ സപ്ലൈ ദൗർലഭ്യം അനുഭവപ്പെട്ടു വരികയാണെന്നും ഏജൻസി പുറത്തിറക്കിയ വാർത്താ ബുള്ളറ്റിൻ വിവരിച്ചു. മിഡിൽ ഈസ്റ്റിലെ ജിയോപൊളിറ്റിക്കൽ പിരിമുറുക്കം വർദ്ധിക്കുന്നത് എണ്ണ വിതരണത്തിൻ്റെ സുരക്ഷയെ സങ്കീർണമാക്കുന്നതായും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എണ്ണ വിപണിയെക്കുറിച്ചുള്ള ഏജൻസിയുടെ പ്രതിമാസ റിപ്പോർട്ട് തുടർന്നു.
ഈ മാസം ആദ്യം ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 90 ഡോളർ കവിഞ്ഞിരുന്നു, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ഇത് 2023 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന വില നിലവാരത്തിലേക്ക് കുതിക്കുകയാണ്.
തിങ്കളാഴ്ച ഏഷ്യൻ വിപണികൾ തുറന്നപ്പോൾ നേരത്തേ എണ്ണവില ഇടിഞ്ഞു, പിന്നീട്, ശനിയാഴ്ച ഏറെ വൈകി ഇസ്രായിലിന് എതിരെയുള്ള ഇറാനിയൻ ആക്രമണം ഉണ്ടായതിനെ തുടർന്ന്, മാർക്കറ്റിലെ പാർട്ടികൾ റിസ്ക് പ്രീമിയങ്ങൾ വെട്ടിക്കുറക്കുകയും ചെയ്യുകയുണ്ടായി. അതേസമയം, ഈ നടപടിയിലൂടെ പരിമിതമായ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നാണ് ഇസ്രായിൽ സർക്കാറിന്റെ ഭാഷ്യം.
പിന്നീട്, ഗ്രീനിച്ച് സമയം കാലത്ത് 7:19 ആയപ്പോഴേക്കും, ജൂൺ ഡെലിവറിക്കുള്ള ബ്രെൻ്റ് ക്രൂഡ് ഇടപാടുകൾ ബാരലിന് 76 സെൻറ് കുറഞ്ഞ് 89.69 ഡോളറിൽ എത്തുകയുണ്ടായി. അപ്രകാരം, മെയ് ഡെലിവറിയ്ക്കുള്ള വെസ്റ്റ് ടെക്സാസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് ഇടപാടുകൾ 82 സെൻറ് കുറഞ്ഞ് ബാരലിന് 84.84 ഡോളറിലും എത്തുകയുണ്ടായി.
ശനിയാഴ്ച ഇറാൻ നടത്തിയ ആക്രമണത്തിൽ 300-ലധികം മിസൈലുകളും ഡ്രോണുകളും ആണ് ഇസ്രായിലിനെ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞത്. 30 വർഷത്തിലേറെ കാലത്തിനിടയിൽ മറ്റൊരു രാജ്യത്ത് നിന്ന് ഇസ്രായേലിനെ ലക്ഷ്യം വച്ചുള്ള ആദ്യ ആക്രമണമാണ് ഇറാൻ നടത്തിയത്. ഇത് മിഡിൽ ഈസ്റ്റിൽ ഉടനീളമുള്ള എണ്ണയുടെ നീക്കത്തെ ബാധിക്കുന്ന തരത്തിലുള്ള വിപുലമായ സംഘർഷമായി രൂപാന്തരപ്പെടുമെന്ന ആശങ്കയും ഭയവുമാണ് എവിടെയും.