ദുബായ്: പ്രവാസലോകത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ തങ്ങളുടെ പിതാക്കന്മാരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന ‘പിതൃദർപ്പണം’ എന്ന പുസ്തകം അണിയറയിൽ ഒരുങ്ങുന്നു. പ്രവാസികൾ തയ്യാറാക്കുന്ന ഇത്തരമൊരു അപൂർവ്വ ഓർമ്മപ്പുസ്തകത്തിന്റെ പ്രകാശനം ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടക്കും.
ദുബായ് കെ.എം.സി.സി മാധ്യമ-സാഹിത്യ വിഭാഗമായ ‘തൂലിക ഫോറം’ നേതൃത്വം നൽകുന്ന ഈ പുസ്തകത്തിന്റെ എഡിറ്റർമാർ ഇസ്മായിൽ ഏറാമല, അഷ്‌റഫ് കൊടുങ്ങല്ലൂർ എന്നിവരാണ്. ലിപി പബ്ലിക്കേഷൻസ് പ്രസാധനം ചെയ്യുന്ന പുസ്തകത്തിന് അവതാരിക തയാറാക്കിയിരിക്കുന്നത് ഡോ. എം.കെ. മുനീറാണ്.
മുൻ മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക നേതാക്കൾ, കർഷകർ, വ്യവസായികൾ, പ്രൊഫഷണലുകൾ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ പിതാക്കന്മാരുടെ മാതൃകാപരമായ ജീവിതാനുഭവങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വായനക്കാർക്ക് പ്രചോദനവും മികച്ച അറിവും സമ്മാനിക്കുന്ന രീതിയിലാണ് ഇത് തയാറാക്കിയിട്ടുള്ളത്.
തൂലിക ഫോറം കൺവീനർ റാഫി പള്ളിപ്പുറം, ഭാരവാഹികളായ സലാം കന്യാപാടി, ടി.എം.എ. സിദ്ധിക്ക്, മുജീബ് കോട്ടക്കൽ, വി.കെ.കെ. റിയാസ്, ബഷീർ കാട്ടൂർ, നബീൽ നാരങ്ങോളി എന്നിവരാണ് ഈ സംരംഭത്തിന് പിന്നണിയിൽ പ്രവർത്തിക്കുന്നത്.







