റിയാദ്– മക്ക-ജിദ്ദ എക്‌സ്പ്രസ്‌വേയടക്കം സൗദിയിലെ ചില റോഡുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് വകുപ്പ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍. അടിസ്ഥാന സൗകര്യ വികസനത്തിലും ലോജിസ്റ്റിക്‌സ് സേവനങ്ങളിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉപയോഗപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും സ്വാലിഹ് അല്‍ജാസിര്‍ അറിയിച്ചു. മക്ക-ജിദ്ദ എക്‌സ്പ്രസ്‌വേയാണ് ആദ്യമായി സ്വകാര്യവല്‍ക്കരിക്കുകയെന്നും ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് ഓഫ് കൊമേഴ്സില്‍ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രി പറഞ്ഞു.
ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയത്തിനു കീഴില്‍ സ്വകാര്യവല്‍ക്കരണ ഏജന്‍സി വരും ആഴ്ചകളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇത് വ്യത്യസ്ത ഗതാഗത പദ്ധതികളില്‍ സ്വകാര്യ മേഖലയുമായുള്ള നിക്ഷേപവും പങ്കാളിത്ത അവസരങ്ങളും വര്‍ധിപ്പിക്കുന്നതാണ്.
ഗതാഗത മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അധികാര പരിധിയില്‍ വരുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ നേരത്തെ അടക്കുന്നവര്‍ക്ക് പിഴ തുക കുറച്ച് കൊടുക്കുന്നതിനെ കുറിച്ച് മന്ത്രാലയം ആലോചിക്കുന്നുണ്ട്. നിയമങ്ങള്‍ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു.



