ദോഹ– ഖത്തറില്‍ വന്‍ ആയുധവേട്ടയില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് 300 എ.കെ 47 വെടിയുണ്ടകള്‍. അബുസംറ അതിര്‍ത്തി വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച വെടിയുണ്ടകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 300 മെഷീന്‍ഗണ്‍ വെടിയുണ്ടകള്‍ അടങ്ങിയ 15 പെട്ടികളാണ് പിടിച്ചെടുത്തതെന്ന് ഖത്തര്‍ ലാന്‍ഡ് കസ്റ്റംസ് വകുപ്പ് അറിയിച്ചു.
പിടികൂടുന്ന വിഡിയോ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലായിരിക്കുകയാണ്. വീഡിയോയില്‍ കാണുന്നതുപോലെ തന്നെ വെടിയുണ്ടകള്‍ എല്ലാം എകെ 47 തോക്കിന്റെതാണ്. കാറിന്റെ മുന്നിലെ രണ്ടു സീറ്റുകള്‍ക്ക് ഇടയിലെ സെന്‍ട്രല്‍ സ്റ്റോറേജ് യൂണിറ്റില്‍ വ്യക്തമായി ഒളിപ്പിച്ചുവെക്കുകയായിരുന്നു വെടിയുണ്ടകള്‍. ഇവ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.
സംശയാസ്പദമായ സാഹചര്യത്തില്‍ പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. അന്വേഷണം തുടരുന്നതിനാല്‍ കള്ളക്കടത്ത് ശ്രമവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ച് അധികൃതര്‍ ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല